Adalat | തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ അദാലത് സെപ്റ്റംബർ 3ന്; മന്ത്രി മുഴുവൻ സമയവും പങ്കെടുക്കും; പൊതുജനങ്ങൾക്ക് പരാതി നൽകാം
* കെട്ടിട നിർമാണം, പദ്ധതി നിർവഹണം എന്നിവയിൽ കൂടുതൽ പരാതികൾ
കാസർകോട്: (KasargodVartha) സംസ്ഥാന സർകാരിന്റെ മൂന്നാം വാർഷികം പ്രമാണിച്ച് നാലാമത്തെ നൂറുദിന കർമ പരിപാടികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിൽ നടത്തുന്ന അദാലത് സെപ്റ്റംബർ മൂന്നിന് കാസർകോട് മുൻസിപൽ ടൗൺഹാളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ് ജില്ലാതല അദാലതിൽ പങ്കെടുക്കും. മുഴുവൻ പരാതികളിലും അന്നുതന്നെ തീർപ്പുണ്ടാക്കാൻ നടപടി സ്വീകരിക്കും. കെട്ടിട നിർമാണ പെർമിറ്റ്, കംപ്ലീഷൻ ക്രമവൽക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവി ൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യസംസ്കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നീ വിഭാഗങ്ങളിൽ നടക്കുന്ന അദാലതിൽ ഇതുവരെയും 127 പരാതികളാണ് ലഭിച്ചിട്ടുള്ളത്.
അപേക്ഷകളിൽ വീഴ്ച വരുത്തിയ തദ്ദേശസ്ഥാപനത്തിലേ ക്ക് തന്നെ വീണ്ടും പരാതിക്കാരനെ അയച്ചു കാലതാമസം വരുത്താൻ ഇടയാക്കില്ല. 500ഓളം അപേക്ഷകർ ഉണ്ടാകും എന്നാണ് കരുതുന്നത്. ഈ മാസം 29 വരെ ഓൺലൈൻ ആയി അപേക്ഷ നൽകാം. അതിനായി പ്രത്യേകം വെബ് പോർടൽ ഉണ്ടാക്കിയിട്ടുണ്ട്. അദാലത് ദിവസമായ മൂന്നിനും പരാതി സ്വീകരിക്കും.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടതാണ് ലഭിച്ചിട്ടുള്ള പരാതികളിൽ കൂടുതലും. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ സംബന്ധിച്ചും മാലിന്യ നിക്ഷേപങ്ങൾ സംബന്ധിച്ചും പരാതികൾ കിട്ടിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹ്‌മദ്, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ ജയ്സൺ മാത്യു, പഞ്ചായത് ഡെപ്യൂടി ഡയറക്ടർ കെ വി ഹരിദാസ്, അസിസ്റ്റന്റ് ഡയറക്ടർ സുരേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ എന്നിവരും സംബന്ധിച്ചു.
#Kerala, #Kasaragod, #publicgrievance, #redressalcamp, #localselfgovernance, #government