Investigation | 'ഓയിൽ കംപനിയിലെ മുൻ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചത് വീഴ്ചയെ തുടർന്ന്'; കൊലപാതകമല്ലെന്ന് പോസ്റ്റ്മോർടം പ്രാഥമിക റിപോർട്; കസ്റ്റഡിയിലെടുത്ത അതിഥി തൊഴിലാളിയെ പൊലീസ് വിട്ടയച്ചു
Nov 14, 2023, 20:55 IST
നീലേശ്വരം: (KasargodVartha) മടിക്കൈ പഞ്ചായതിലെ എരിക്കുളത്ത് പൂട്ടിക്കിടക്കുന്ന ഓയിൽ കംപനിയിലെ മുൻ സെക്യൂരിറ്റി ജീവനക്കാരൻ്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർടം പ്രാഥമിക റിപോർടിൽ സൂചിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശിയായ അതിഥി തൊഴിലാളിയെ പൊലീസ് വിട്ടയച്ചു.
കക്കാട്ട് ഒളയത്ത് കായിലവളപ്പിൽ ബാലനെ (65)യാണ് കഴിഞ്ഞദിവസം രാവിലെ എരിക്കുളത്തെ പെട്രോലീവ് പെട്രോളിയം ഓയിൽ കംപനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസത്തോളമായി കംപനി അടഞ്ഞു കിടക്കുകയാണ്. അതിഥി തൊഴിലാളിയാണ് കംപനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ. ഇയാളും മുൻ സെക്യൂരിറ്റി ജീവനക്കാരനായ ബാലനും മറ്റൊരാളും സംഭവ ദിവസം രാത്രി ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഇതിനിടെയിൽ ബാലൻ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയപ്പോൾ പടവിൽ നിന്നും വീഴുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. വീഴ്ചയിൽ കല്ലിന് തട്ടി വാരിയെല്ലിന് പൊട്ടലുണ്ടായാണ് മരണം സംഭവിച്ചതെന്നാണ് സൂചന. ബാലൻ വീട്ടിലേക്ക് പോയന്നായിരുന്നു അതിഥി തൊഴിലാളി കരുതിയിരുന്നത്. രാവിലെ അതിഥി തൊഴിലാളി തന്നെയാണ് ബാലൻ മരിച്ചു കിടക്കുന്ന വിവരം കംപനി മേസ്ത്രിയെ വിളിച്ച് അറിയിച്ചത്.
മേസ്ത്രി ഉടമകളേയും അറിയിച്ചു. ഉടമകളാണ് നീലേശ്വരം പൊലീസിനെ അറിയിച്ചത്. സംഭവമറിഞ്ഞ ഉടൻ നിലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ പ്രേംസദന്റെ നേതൃത്വത്തിൽ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കാസർകോട് നിന്നും ഫോറൻസിക് വിദഗ്ധർ എത്തി തെളിവെടുത്തിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജിലാണ് പോസ്റ്റ്മോർടം നടത്തിയത്.
ചൊച്ചാഴ്ച വൈകീട്ടോടെ വിട്ടയച്ച അതിഥി തൊഴിലാളിയോട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച പൊലീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിക്കരയിലെ രാധയാണ് ബാലന്റെ ഭാര്യ. മക്കൾ: രാഹുൽ, രാഖി. മരുമക്കൾ: സ്നേഹ, പ്രമോദ്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Obituary, Malayalam News, Preliminary post-mortem report says death of ex-security employee of oil company is not murder