Booked | കെഎസ്ആര്‍ടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയ സംഭവത്തില്‍ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ നടപടി; കേസെടുക്കേണ്ടി വന്നത് കോടതി ഇടപെടലില്‍
*കമീഷണര്‍ക്കും ഡ്രൈവര്‍ എച് എല്‍ യദു പരാതി നല്‍കിയിരുന്നു.
*മേയര്‍, എംല്‍എല്‍എ, കാറിലുണ്ടായിരുന്ന മറ്റു 3 പേര്‍ എന്നിങ്ങനെ 5 പേരാണ് കേസില്‍ പ്രതികള്‍.
*പൊലീസിനും സി പി എമ്മിനും വലിയ തിരിച്ചടിയായി.
തിരുവനന്തപുരം: (KasargodVartha) കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം എല്‍ എക്കുമെതിരെ പൊലീസ് കേസെടുത്തു. കോടതി നിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കെ എസ് ആര്‍ ടി സി ബസിന്റെ യാത്ര തടസപ്പെടുത്തിയത് ഉള്‍പെടെയാണ് വകുപ്പുകള്‍.
അഭിഭാഷകന്‍ ബൈജു നോയലിന്റെ ഹര്‍ജിയില്‍ പരിശോധിച്ച് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു നിര്‍ദേശം നല്‍കിയത്. എന്നാല്‍, ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മേയര്‍, എംല്‍എല്‍എ, കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ എന്നിങ്ങനെ അഞ്ചുപേരാണ് കേസിലെ പ്രതികള്‍.
സംഭവം നടന്ന് എട്ടാം ദിവസം കോടതി ഇടപെടലിനെ തുടര്‍ന്ന് കേസെടുക്കേണ്ടി വന്നത് പൊലീസിനും സി പി എമ്മിനും വലിയ തിരിച്ചടിയായി. മേയറും കുടുംബവും കുറ്റം ചെയ്ത ഡ്രൈവറെ പൊലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് തുടക്കം മുതല്‍ ഉയര്‍ത്തിയ വാദം. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസ് മേയര്‍ക്കെതിരെ കേസെടുത്തിരുന്നില്ല. ഇതിന് പിന്നാലെ കമീഷണര്‍ക്കും ഡ്രൈവര്‍ എച് എല്‍ യദു പരാതി നല്‍കിയിരുന്നു. ഇതും പരിഗണിക്കാന്‍ പൊലീസ് തയാറായില്ല. ഇതിന് പിന്നാലെയാണ് പൊലീസിന് തിരച്ചടിയായി സംഭവം നടന്ന് ഇത്രയും ദിവസത്തിനുശേഷം കോടതി നിര്‍ദേശപ്രകാരം കേസെടുക്കേണ്ടി വന്നത്.
മേയറും കുടുംബവും ഒരു തെറ്റും ചെയ്തില്ലെന്നായിരുന്നു തുടക്കം മുതല്‍ സി പി എം സംസ്ഥാന സെക്രടറി ഉള്‍പെടെ പറഞ്ഞിരുന്നത്. കേസെടുത്തതോടെ പാര്‍ടി നേതൃത്വവും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതിനാല്‍ അടുത്ത ദിവസം തന്നെ മേയറും എം എല്‍ എയും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.