city-gold-ad-for-blogger

സി പി എം ശക്തികേന്ദ്രങ്ങളിലെ വീട്ടുകിണറുകളില്‍ വിഷംകലര്‍ത്തുന്ന സംഭവം പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയാകുന്നു

ചെറുവത്തൂര്‍: (www.kasargodvartha.com 19/03/2016) സി പി എം ശക്തികേന്ദ്രങ്ങളിലെ വീട്ടുകിണറുകളില്‍ വിഷംകലര്‍ത്തുന്ന സംഭവം പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയാകുന്നു. കൊടക്കാട്ടെ രണ്ട് വീടുകളില്‍ നടന്ന വിഷം കലര്‍ത്തല്‍ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പുറത്തുനിന്നും ആര്‍ക്കെങ്കിലും ഇവിടെവന്ന് കിണറുകളില്‍ വിഷം കലര്‍ത്താന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പറയുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം ഉപ്പള ജല അതോറിറ്റി ഓഫീസിലെ സര്‍വേയര്‍ കൊടക്കാട് പൊള്ളപ്പൊയിലിലെ ഏ വി രവിയുടെ വീട്ടുകിണറ്റിലാണ് വിഷം കലര്‍ത്തിയത്. വെള്ളിയാഴ്ച രാവിലെ കുടിക്കാനായി കിണറില്‍ നിന്ന് കോരിയ വെള്ളത്തില്‍ രൂക്ഷ ഗന്ധം ഉണ്ടായതോടെയാണ് കിണറില്‍ വിഷം കലര്‍ത്തിയതായി തെളിഞ്ഞത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും പിലിക്കോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഏ വി രമണിയുടെ സഹോദരനാണ് രവി.

ഒരുവര്‍ഷം മുമ്പ് കാസര്‍കോട് മൊഗ്രാല്‍ സ്‌കൂളിലെ അധ്യാപകനും സി പി എം ആഭിമുഖ്യമുള്ള കെ എസ് ടി എ അധ്യാപകസംഘടനയിലെ അംഗവും പൂരക്കളി മറത്തുകളി പണിക്കറുമായ കൊടക്കാട്ടെ ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ വീട്ടു കിണറ്റിലും വിഷം കലര്‍ത്തിയിരുന്നു. ഈ കേസില്‍ അന്നത്തെ നീലേശ്വരം സി ഐ ആയിരുന്ന യു പ്രേമന്‍ പ്രതികളെ പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ സി പി എം നേതൃത്വം ഇടപെട്ട് പ്രതികളെന്ന് സംശയിക്കുന്നവരെ ഒഴിവാക്കുകയായിരുന്നുവെന്നാണ് പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചത്. ഈസംഭവത്തില്‍ പ്രതികളെ ഇതുവരെ പോലീസ് പിടികൂടിയില്ല. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സി പി എം ലോക്കല്‍ കമ്മിറ്റി ചീമേനി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

കൊടക്കാട്ടെ ഒരു ക്ലബ്ബ് പ്രവര്‍ത്തകരും ക്ഷേത്ര കമ്മിറ്റി പ്രവര്‍ത്തകരും തമ്മില്‍ ഉത്സവ സമയത്ത് നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ ജനാര്‍ദ്ദനന്‍ ക്ഷേത്ര കമ്മിറ്റിയുടെ പക്ഷത്ത് നിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണിതെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില സാമൂഹ്യ ദ്രോഹികള്‍ ഇരുട്ടിന്റെ മറിവിലാണ് കിണറില്‍ വിഷം കലര്‍ത്തിയതെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. ഈസംഭവത്തില്‍ പുറത്തുനിന്നുള്ള ആരുംതന്നെ വിഷംകലര്‍ത്താന്‍ എത്തില്ലെന്ന് ഉറപ്പായിട്ടും പ്രതികളെ പിടികൂടാത്തത് പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണെന്നാണ് നാട്ടുകാരും  കുറ്റപ്പെടുത്തിയിരുന്നത്.

ഏതാനും വര്‍ഷം മുമ്പ് തൊട്ടടുത്ത പുത്തിലോട്ട് പ്രദേശത്ത് സി പി എം നേതാവിന്റെ വീട്ടുകിണറ്റില്‍ വിഷംകലര്‍ത്തിയ സംഭവം ഉണ്ടായിരുന്നു. ഈസംഭവത്തോടെ പുത്തിലോട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിയുകയും വലിയൊരു വിഭാഗം പാര്‍ട്ടി വിടുകയും ചെയ്തിരുന്നു. ഇവര്‍ പിന്നീട് സി പി ഐയില്‍ ചേരുകയായിരുന്നു. ഈ സംഭവത്തെകുറിച്ചെല്ലാം പാര്‍ട്ടിതലത്തല്‍ അന്വേഷണം നടത്തിയതായി സൂചനയുണ്ടായിരുന്നുവെങ്കിലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് അന്നും സി പി എം നേതൃത്വം സ്വീകരിച്ചതെന്നായിരുന്നു പരാതി.
സി പി എം ശക്തികേന്ദ്രങ്ങളിലെ വീട്ടുകിണറുകളില്‍ വിഷംകലര്‍ത്തുന്ന സംഭവം പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയാകുന്നു

Keywords:  Cheruvathur, CPM, Kerala, Well, Kasaragod, Party, Poison, Poisoning well: discussion in CPM

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia