Elephant Died | കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു; ലോകോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു

*35 വയസുള്ള പിടിയാന ചരിഞ്ഞത്.
*ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടം.
*അടിപ്പാതകള്‍ നിര്‍മിച്ചും സിസിടിവി കാമറകള്‍ സ്ഥാപിച്ചും അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചിരുന്നു.
പാലക്കാട്: (KasargodVartha) കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു. തിങ്കളാഴ്ച (07.05.2024) രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം-ചെന്നൈ മെയില്‍ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്. ആന ട്രാക് മുറിച്ച് മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇടിയില്‍ ഗുരുതരമായി പരുക്കേറ്റ പിടിയാന എഴുന്നേറ്റ് മുന്നോട്ട് നീങ്ങിയെങ്കിലും പിന്നീട് സമീപത്തുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ലോകോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു. ട്രെയിനിന്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം.
തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആനയുടെ പോസ്റ്റുമോര്‍ടം നടപടികള്‍ തുടങ്ങും. ഒരു മാസത്തിനിടെ വാളയാര്‍ കഞ്ചിക്കോട് റൂടിലെ രണ്ടാമത്തെ അപകടമാണിത്.
ഇതേസ്ഥലത്ത് കഴിഞ്ഞമാസം 10ന് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു. കഞ്ചിക്കോടിനും വാളയാറിനുമിടയില്‍ ട്രെയിനിടിച്ച് ആന ചരിയുന്നത് പതിവായിരുന്നു. ആനയ്ക്കായി അടിപ്പാതകള്‍ നിര്‍മിച്ചും സി സി ടി വി കാമറകള്‍ സ്ഥാപിച്ചും അപകടങ്ങള്‍ ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിച്ചിരുന്നു. വേനല്‍ കടുത്തതോടെ കുടിവെള്ളം അന്വേഷിച്ച് ജനവാസ മേഖലയിലേക്ക് കാട്ടാനകളെത്താന്‍ തുടങ്ങിയതോടെയാണ് വീണ്ടും അപകടം റിപോര്‍ട് ചെയ്തുതുടങ്ങിയത്.