Dragon Fruit | ഡ്രാഗണ്‍ ഫ്രൂട് കൃഷിയില്‍ വിജയഗാഥ രചിച്ച് വീണയുടെ നേതൃത്വത്തിലുള്ള സംരംഭം
പൈവളിഗെ: (www.kasargodvartha.com) കേരളത്തില്‍ അത്ര വ്യാപകമായി കാണാത്ത പഴമാണ് ഡ്രാഗണ്‍ ഫ്രൂട്. എന്നാല്‍, ഏറെ ഗുണഗണങ്ങള്‍ ഉള്ള ഡ്രാഗണ്‍ ഫൂടില്‍ വിജയഗാഥ രചിക്കുകയാണ് പൈവളിഗെ ബളളൂരിലെ വീണ എന്‍ ഭട്ടിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം സ്ത്രീകള്‍.
ലോകമെമ്പാടുമുള്ള ഉഷ്ണമേഖല പ്രദേശങ്ങളില്‍ കാണുന്ന 'ഹൈലോസീറസ്' എന്ന കള്ളിച്ചെടിയില്‍ വളരുന്ന പഴമാണ് ഡ്രാഗണ്‍ ഫ്രൂട്. മലേഷ്യ, ഇന്‍ഡോനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായിട്ടുള്ള ഡ്രാഗണ്‍ ഫ്രൂട് അഥവാ പിത്തായപ്പഴം നമ്മുടെ നാട്ടിലും പതുക്കെ എത്തുകയാണ്.
ഡ്രാഗണ്‍ ഫ്രൂടിന്റെ ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. കറുത്ത വിത്തുകളുള്ള മാംസളമായ വെളുത്ത ഭാഗമാണ് ഇത്. ഒരു ചെടിയില്‍നിന്ന് എട്ടു മുതല്‍ 10 വരെ പഴങ്ങള്‍ ലഭിക്കുമെന്നതാണ് കണക്ക്.
പ്രമേഹരോഗികള്‍ പൊതുവെ പല പഴങ്ങളും കഴിക്കാറില്ല. പ്രമേഹം കൂടിയാലോ എന്ന ഭയമാണ് അവര്‍ക്ക്. എന്നാല്‍, ഡ്രാഗണ്‍ ഫ്രൂട് പ്രമേഹരോഗികള്‍ക്കും കഴിക്കാമെന്നത് കൊണ്ട് ഈ പഴത്തിന് വിപണിയില്‍ നല്ല ഡിമാന്‍ഡ് ആണ്. കലോറി വളരെ കുറവും ഫൈബര്‍ ധാരാളവുമുള്ളതിനാല്‍ പഴം ആര്‍ക്കും കഴിക്കാം.
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്‌നീഷ്യം എന്നിവ ധാരാളം ഈ പഴത്തില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, അയണ്‍ എന്നിവയുടെ സാന്നിധ്യം വിളര്‍ച്ചയെ പ്രതിരോധിക്കുമെന്നത് കൊണ്ട് സ്ത്രീകളില്‍ ധാരാളംപേര്‍ ഈ ഫലം ഉപയോഗിക്കുന്നു.
ധാരാളം മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ മസിലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. കൂടാതെ കൊളസ്ട്രോളും അമിതഭാരവും കുറയ്ക്കുകയും ഹൃദയത്തിന് സംരക്ഷണം നല്‍കുകയും ചെയ്യും. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും ഈ പഴം സഹായിക്കും. കാര്‍ബോഹൈഡ്രേറ്റിന്റെ സാന്നിധ്യവും ഡ്രാഗണ്‍ ഫ്രൂടിലുണ്ട്.
ഫൈബറിന്റെ സാന്നിധ്യം ധാരാളം ഉള്ളതിനാല്‍ ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കാന്‍ ഈ പഴം കഴിക്കുന്നതിലൂടെ സഹായിക്കും. അമിത ശരീരഭാരത്തെ പ്രതിരോധിക്കാന്‍ സാധിക്കും. വന്‍ കുടല്‍ അര്‍ബുദത്തെ പ്രതിരോധിക്കാനും ഡ്രാഗണ്‍ ഫ്രൂട് ഉത്തമമാണ്. ശരീരത്തില്‍ നല്ല ബാക്ടീരിയയുടെ അളവ് വര്‍ധിപ്പിക്കുകയും വിറ്റാമിന്‍ സിയുടെ അളവിലൂടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പഴം.
ഒന്നര ഏകറിലാണ് വീണയും സംഘവും ഒന്നര വര്‍ഷം മുമ്പ് കൃഷി ആരംഭിച്ചത്. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ കായ്ഫലം ലഭിക്കാന്‍ തുടങ്ങിയതിനാല്‍ ഇവര്‍ വളരെ സന്തോഷത്തിലാണ്. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെയാണ് കൃഷി ആരംഭിച്ചതെങ്കിലും ഇന്‍സന്റീവ് ആയി നല്‍കുമെന്ന് പറഞ്ഞ ഒരു ലക്ഷം രൂപ ഇനിയും കിട്ടാത്തത് ഇവരെ വിഷമത്തിലാക്കിയിരുന്നു.
മൂന്ന് ലക്ഷം രൂപയാണ് കൃഷിക്കായി ചെലവിട്ടത്. ഡ്രാഗണ്‍ ഫൂടിന്റെ തൈകള്‍ ഉണ്ടാക്കി വില്‍ക്കുകയും ഇപ്പോള്‍ ചെയ്യുന്നുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്‍ ആവശ്യപ്രകാരം 6,000 ത്തോളം തൈകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മാസങ്ങളായിട്ടും വാങ്ങി കൊണ്ടുപോയിട്ടില്ലെന്നതും ഇവര്‍ക്ക് മുന്നിലെ പ്രതിസന്ധിയാണ്. ആവശ്യക്കാര്‍ ധാരളം എത്തുന്നതിനാല്‍ ഇപ്പോള്‍ ഇവര്‍ ഉണ്ടാക്കിവെച്ച തൈകള്‍ വിറ്റഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കര്‍ണാടക ബീജാപ്പൂരില്‍ നിന്നാണ് ഇവര്‍ 100 രൂപ നല്‍കി തൈ വാങ്ങി ഡ്രാഗണ്‍ ഫ്രൂട് കൃഷി ആരംഭിച്ചത്. പിങ്ക്, വൈറ്റ് ഇനത്തില്‍പെട്ട രണ്ട് ഫ്രൂടുകളാണ് കൃഷി ചെയ്തത്. ഒന്നര വര്‍ഷം കൊണ്ട് തന്നെ മുടക്ക് മുതല്‍ കിട്ടിയെന്നതാണ് ഇവര്‍ക്ക് വലിയ വിജയമായത്.
കഴിഞ്ഞ ദിവസം മംഗ്‌ളൂറില്‍ നടന്ന ചക്ക മേളയില്‍ വീണയുടെ കുടുംബശ്രീ സ്റ്റാള്‍ നടത്തിയപ്പോള്‍ ഒരു ക്വിന്റല്‍ ഫലങ്ങള്‍ പെട്ടന്ന് വിറ്റുപോയി. 250 രൂപയ്ക്കാണ് ഒരു കിലോ ഡ്രാഗണ്‍ ഫൂട് വിറ്റതെന്ന് വീണ പറഞ്ഞു.
ആവശ്യക്കാരില്‍ ധാരാളം പേര്‍ നേരിട്ട് വന്ന് പഴങ്ങള്‍ വാങ്ങി പോകുന്നു. തൈ വാങ്ങാനും ആളുകള്‍ എത്തുന്നുണ്ട്. ആയുര്‍വേദ ഡോക്ടറായ ഭര്‍ത്താവ് നാരായന്ന ഭട്ടും ഇവര്‍ക്ക് കൃഷി നടത്താന്‍ എല്ലാ സഹായങ്ങളും നല്‍കി വരുന്നു. മകന്‍ പവന്‍ ആര്‍മിയില്‍ മേജറാണ്. മകള്‍ ദീപ ബെംഗ്‌ളൂറുവില്‍ എന്‍ജിനീയറാണ്.
കൊറോണ കാലത്ത് സമയം ചെലവഴിക്കാനാണ് കൃഷിയെന്ന ആശയം ഇവര്‍ക്കുണ്ടായത്. പിന്നീടാണ് നല്ല വരുമാനം ഉണ്ടാക്കാവുന്ന ഡ്രാഗണ്‍ ഫൂട് കൃഷിയിലേക്ക് കുടുംബശ്രീ മുഖേന ചുവടുവെച്ചത്. കൃഷി സ്ഥലത്ത് പന്നിയുടെ ആക്രമണം തടയാന്‍ മുള്ളുവേലി സംരക്ഷണ ഭിത്തിയും ഒരുക്കിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Agriculture, Agri-News,Top-Headlines, Paivalike: Successful story of Dragon Fruit farming led by Veena









