Inspiration | സതി പറക്കുന്നു, പുസ്തകങ്ങളോടൊപ്പം

● നാലാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള സതി 3000-ൽ പരം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.
● സതിയുടെ ആദ്യ കഥാസമാഹാരം 'ഗുളിക വരച്ച ചിത്രങ്ങൾ' 2011-ൽ പുറത്തിറങ്ങി.
● സതിയുടെ കവിതാസമാഹാരമാണ് 'കാൽവരയിലെ മാലാഖ'.
കൊടക്കാട് നാരായണൻ
(KasargodVartha) സ്ത്രീ ശക്തി പുരസ്കാര നിറവിലാണ് സതി കൊടക്കാട്. സംസ്ഥാന വനിത കമ്മീഷൻ്റെ ഈ വർഷത്തെ സ്ത്രീ ശക്തി പുരസ്കാരത്തിന് അർഹയായ കൊടക്കാട് പൊള്ളപ്പൊയിലിലെ സതി തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. മണ്ണിൽ കാലുറപ്പിച്ചു നിൽക്കാൻ കഴിയാത്ത സതി കൊടക്കാട് എന്ന എഴുത്തുകാരി പറക്കുകയാണ്, പുസ്തകങ്ങളോടൊപ്പം. അക്ഷരങ്ങളാണ് ഈ 48കാരിക്ക് ചിറക്. ജീവിത്തിൽ വിധി സമ്മാനിച്ച വീഴ്ചയോട് അവൾ പൊരുതി. ആ പോരാട്ടത്തിൽ വിജയം സതിയെ ചേർത്തു പിടിച്ചു. തോറ്റുപോയത് സതിയല്ല, രോഗമാണ്.
സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ് 2 രോഗം ബാധിച്ച, കാസർകോട് കൊടക്കാട് പൊള്ളപ്പൊയിൽ സ്വദേശി എം.വി സതി (സതി കൊടക്കാട്) പേന മുറുകെ പിടിക്കാൻ പോലുമാവാത്ത അവസ്ഥയിലിരുന്ന് രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ജന്മനാ രോഗം തളർത്തിയ സതി വീൽ ചെയറിൻ്റെ സഹായത്തോടെയാണ് ഇപ്പോൾ പുറം ലോകം കാണുന്നത്. നാടൻ കലാ പണ്ഡിതനും പൊള്ളപ്പൊയിൽ എ.എൽ.പി സ്കൂൾ പ്രധാനാധ്യാപകനുമായിരുന്ന അച്ഛൻ സിവിക് കൊടക്കാടിൻ്റെ സഹായത്തോടെ ആണ് നാലാം ക്ലാസു വരെ പഠിച്ചത്.
അമ്മയും സഹോദരന്മാരും എന്നും സതിയെ എടുത്തുകൊണ്ടുപോയി ക്ലാസിൽ ഇരുത്തും. പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും പരിമിതമായ വാഹന സൗകര്യം അകലെയുള്ള സ്കൂളിൽ പഠനം തുടരുന്നതിന് തടസ്സമായി നിന്നു. ഔപചാരിക വിദ്യാഭ്യാസം നാലാം ക്ലാസിലൊതുങ്ങി. വീടിനുള്ളിലേക്ക് തളച്ചിട്ട സതിയുടെ ജീവിതത്തിൽ അച്ഛൻ നിഴലായി കൂടെ നിന്നു. വീടിന് സമീപത്തുള്ള ബാലകൈരളി ഗ്രന്ഥാലയത്തിൽ ബാലവേദി അംഗത്വം അച്ഛൻ തന്നെ നൽകി. ഗ്രന്ഥാലയത്തിൻ്റെ സ്ഥാപക സെക്രട്ടറി കൂടിയാണ് അദ്ദേഹം. പിന്നീട് മുതിർന്നവരുടെ അംഗത്വത്തിലേക്ക് മാറുകയായിരുന്നു.
കുട്ടികാലത്തുതന്നെ 360 ബാലസാഹിത്യകൃതികൾ വായിച്ച് തീർത്ത് അത്ഭുതം തീർത്തു സതി. മലയാളത്തിലെ മിക്ക എഴുത്തുകാരുമായും ഹൃദയബന്ധം സൂക്ഷിക്കുന്നുണ്ട് അവർ. പ്രമുഖ എഴുത്തുകാരിൽ നിന്ന് അയച്ചു കിട്ടിയ കത്തുകൾ 'എന്റെ അമൂല്യനിധികൾ' എന്ന പേരിൽ, സതി കാത്തുസൂക്ഷിക്കുന്നു. സിവിക് കൊടക്കാട് തന്നെയാണ് മകളെ പുസ്തകങ്ങളുടെ കൂട്ടുകാരിയാക്കിയത്. ബാലകൈരളി ഗ്രന്ഥാലയത്തിൽ നിന്ന് ഓരോ പുസ്തകങ്ങളായി സതിക്ക് എത്തിക്കും. പിന്നീടങ്ങോട്ട് സതിയുടെ ജീവിതം മുഴുവൻ പുസ്തകങ്ങൾക്കും വായനയ്ക്കും വേണ്ടി നീക്കി വെച്ചു.
ആദ്യകാലങ്ങളിൽ പുസ്തകങ്ങൾ വായിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നീട് വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ചെറിയ കുറിപ്പുകൾ എഴുതാൻ തുടങ്ങി. ഇത്തരത്തിൽ വായിച്ച 2740, പുസ്തകങ്ങളുടെ കുറിപ്പുകൾ ഇതുവരെ തയ്യാറാക്കിയിട്ടുണ്ട്. ആറു ബുക്കുകളിലായാണ് ഈ കുറിപ്പുകൾ തയ്യാറാക്കിയിരിക്കുന്നത്. 3000-ൽ പരം പുസ്തകങ്ങൾ ഇതുവരെ വായിച്ചിട്ടുണ്ട് - സതി പറഞ്ഞു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണിയിലും കഥകളും കവിതകളും സതി എഴുതാറുണ്ട്. നാലാം ക്ലാസ് വരെ മാത്രമെ പഠിച്ചിട്ടുള്ളുവെങ്കിലും അതൊന്നും തന്റെ വായനയെ പരിമിതപ്പെടുത്തിയിട്ടില്ലെന്ന് സതി പറയുന്നു.
വായനയോടുള്ള താത്പര്യം പതിയെ രചനകളിലേക്കും വഴിമാറി. വായിക്കാൻ പ്രേരിപ്പിച്ച അച്ഛൻ തന്നെയാണ് കഥ എഴുത്തിലും പ്രോത്സാഹനമായത്. ചെറുകഥകളും കവിതകളും പ്രസിദ്ധീകരിച്ചു തുടങ്ങി. 'ഗുളിക വരച്ച ചിത്രങ്ങൾ' എന്ന പേരിൽ 2011-ൽ ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. 14 കഥകളാണ് ഇതിലുണ്ടായിരുന്നത്. 2020-ൽ പായൽ ബുക്സ് പ്രസിദ്ധീകരിച്ച കാൽവരയിലെ മാലാഖ എന്ന കവിതാ സമാഹാരവും സതിയുടെ മികച്ച രചനകളാണ്. 2008-2013 വരെ പരിഷ്കരിച്ച മലയാളം, കന്നഡ മൂന്നാം ക്ലാസിലെ പാഠാവലിയിൽ' വായിച്ചു വായിച്ചു വേദന മറന്നു' എന്ന പേരിൽ സതിയുടെ അനുഭവക്കുറിപ്പ് ഉൾപ്പെടുത്തിയിരുന്നു.ഈ പാഠഭാഗം പഠിച്ച വിദ്യാർഥികൾ തനിക്ക് എഴുതിയ കത്തുകൾ അമൂല്യനിധി പോലെയാണ് സതി സൂക്ഷിച്ചുവെച്ചിരിക്കുന്നത്.
അവശതകൾ കൂടിയതോടെ നിത്യകർമങ്ങൾ പോലും പരസഹായത്താലായി. പേന പിടിക്കാൻ വിരലുകൾ വഴങ്ങാതായപ്പോൾ സ്മാർട്ട് ഫോണിലായി എഴുത്ത്. ഇതിനിടെ, എന്നും പിന്തുണയുമായി നിന്ന അച്ഛൻ എന്നേക്കുമായി യാത്രയായി. പക്ഷേ, സ്നേഹക്കരുതലുമായി അമ്മ പാട്ടിയും സഹോദരന്മാരായ മുരളീധരനും സുരേന്ദ്രനും സഹോദരി സരോജിനിയും സതിയുടെ കൂടെനിന്നു. അമ്മയ്ക്കും അവശത ബാധിച്ചതോടെ ഏടത്തിയമ്മമാരായ രജിതയുടെയും സീമയുടെയും കൈത്താങ്ങിലാണ് ഇപ്പോൾ സതിയുടെ ജീവിതം. സതിയുടെ ആത്മസുഹൃത്തുക്കൾ ചേർന്ന് അവൾക്കൊരു ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചതോടെ കാലങ്ങൾക്കു ശേഷം അവൾ വീണ്ടും പുറംലോകം കണ്ടു.
ഇനി ഒരുപാട് യാത്രകൾ ചെയ്യണമെന്നും വായിച്ചറിഞ്ഞ ലോകം നേരിൽക്കാണണമെന്നുമാണ് സതിയുടെ മോഹം. കരിവെള്ളൂർ മുച്ചിലോട്ട് പെരുങ്കളിയാട്ട വേദിയിൽ സതി രചിച്ച ഗാനം കെ.എസ് ചിത്ര ആലപിച്ചത് വലിയ അംഗീകാരമായി സതി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിനു പുറത്തിറങ്ങിയ 'നിർമാല്യം' ഭക്തിഗാന സമാഹാരത്തിൽ സതി രചിച്ച ‘അമ്മതൻ മാംഗല്യം നാടിനാകെ ആഘോഷം’ എന്ന ഗാനം ചുരുങ്ങിയ ദിവസം കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. സതിയുടെ' തിരുമംഗല്യം 'എന്ന ഭക്തിഗാനവും ഏറെ പ്രശസ്തമാണ്. സതി എഴുതി അഭിനയിച്ച് ഷെറിൻ ജോജി പാടിയ ' കുഞ്ഞോളം എന്ന വിഡിയോ ആൽബവും മാധവ് ശിവൻ പാടി അഭിനയിച്ച വയലോരം എന്ന വിഡിയോ ആൽബവും ഏറെ ശ്രദ്ധ നേടിയിരുന്നു.
വിരൽ സാഹിത്യവേദിയുടെ 2020ലെ അവാർഡിന് സതിയുടെ 'അവൾ' എന്ന കഥയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സതീഭാവം സഹഭാവം എന്ന പേരിൽ സതിയെ കുറിച്ചുള്ള ഡോക്യുമെന്ററിയും ഏറെ ശ്രദ്ധ നേടിയിരുന്നു. കലാസാഹിത്യമേഖലകളിലെ സതിയുടെ സംഭാവനകൾ മുൻ നിർത്തി 2020-ലെ ഭിന്നശേഷിക്കാരുടെ സർഗാത്മക വ്യക്തിത്വത്തിന് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം സതിയെ തേടിയെത്തി. ഡിസംബർ 3-ന് ഭിന്നശേഷി ദിനത്തിൽ ന്യൂഡൽഹിയിൽവെച്ചാണ് പുരസ്കാരം സമ്മാനിച്ചത്. രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് വേദിയിൽ നിന്നും താഴെ ഇറങ്ങി പുരസ്കാരം കൈമാറിയത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് സതി ഓർമ്മിക്കുന്നു.
2021ൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ പുരസ്കാരവും സതിയെ തേടിയെത്തി. ഇടയ്ക്ക് ചിത്രരചനയിലേക്ക് കടന്നെങ്കിലും ശാരീരിക അവശതകൾ അതിന് തടസ്സമായി നിന്നു. കൈകളിൽ പേന പിടിച്ച് എഴുതാൻ കഴിയാത്തതിനാൽ ഇപ്പോൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ മൊബൈൽ ഫോണിന്റെ സഹായത്തോടെയാണ് തയ്യാറാക്കുന്നത്. നേരത്തെ മുഴുവനും സ്വന്തം കൈകൾ കൊണ്ട് എഴുതി തയ്യാറാക്കുകയായിരുന്നു പതിവ്. ശാരീരിക പരിമിതികൾ ഉണ്ടെങ്കിലും നാട്ടിലെ കലാസാഹിത്യ പരിപാടികളിലേക്ക് ക്ഷണിച്ചാൽ സഹോദരന്മാരുടെ സഹായത്തോടെ പങ്കെടുക്കാറുണ്ട്.
ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കു വേണ്ടി പയ്യന്നൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ വിത്തൗട്ട് വിങ്സ് എന്ന സംഘടനയിലെ സജീവപ്രവർത്തകയാണ് പത്തു വർഷമായി സതി. സമാന ജീവിതാവസ്ഥകളിൽ കൂടി കടന്നുപോകുന്ന മറ്റനേകം ജീവിതങ്ങളുണ്ടെന്ന ബോധ്യം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാൻ സതിക്ക് പ്രേരണയാകുന്നുവെന്ന് സതി തിരിച്ചറിയുന്നു. തന്നെ രോഗക്കിടക്കയിലാക്കിയ വിധിയോട് ഇന്നവൾക്ക് യാതൊരു പരാതിയുമില്ല. ജീവിതത്തിൽ തെളിയുന്ന പ്രത്യാശയുടെ നക്ഷത്രങ്ങൾ അവൾക്ക് മുന്നിൽ വഴിവിളക്കായി പ്രകാശം ചൊരിയുന്നു. 'ഇല്ല... എനിക്ക് സങ്കടമില്ല. അക്ഷരങ്ങളും സൗഹൃദങ്ങളും കൂടെയുള്ളപ്പോൾ എന്തിനെ ചൊല്ലിയാണ് പരിഭവിക്കേണ്ടത്', സതി ആത്മവിശ്വാസത്തോടെ പറയുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Sathi Kodakkad, despite being diagnosed with a debilitating disease, has become an inspiration through her literary achievements and resilience.
#SathiKodakkad #Inspiration #OvercomingChallenges #Literature #WomenEmpowerment #Resilience