city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ട് പിഞ്ചോമനകൾ കൂടി കടന്നുപോയി; ഈ മണ്ണിൽ വിഷമഴ ഒഴിയുന്നില്ല; ഇനിയെങ്കിലും കണ്ണ് തുറക്കാൻ കെഞ്ചി എൻഡോസൾഫാൻ ഇരകൾ; പ്രതിഷേധം ശക്തം

കാസർകോട്: (www.kasargodvartha.com 28.12.2021) രണ്ട് കുട്ടികൾ കൂടി എൻഡോസൾഫാൻ വിഷമഴയ്ക്ക് ഇരയായതോടെ പ്രതിഷേധം കൂടുതൽ ശക്തമാവുന്നു. ഇനിയും നരകയാതന അനുഭവിക്കുന്ന അനേകം പേരുടെ ജീവിതം ഓർമപ്പെടുത്തൽ കൂടിയായി അജാനൂരിലെ മൊയ്തീന്റെ മകൻ മുഹമ്മദ് ഇസ്മാഈൽ (11), അമ്പലത്തറ മുക്കുഴിയിലെ മനുവിന്‍റെ മകൾ അമേയ (അഞ്ച്) എന്നിവരുടെ വിടവാങ്ങൽ. മണിക്കൂറുകളുടെ വിത്യാസത്തിലായിരുന്നു ഇളം പ്രായത്തിൽ തന്നെ രണ്ടുപേരും മരണത്തിന് കീഴടങ്ങിയത്.
 
രണ്ട് പിഞ്ചോമനകൾ കൂടി കടന്നുപോയി; ഈ മണ്ണിൽ വിഷമഴ ഒഴിയുന്നില്ല; ഇനിയെങ്കിലും കണ്ണ് തുറക്കാൻ കെഞ്ചി എൻഡോസൾഫാൻ ഇരകൾ; പ്രതിഷേധം ശക്തം

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് ഇവരുടെ മരണങ്ങൾ. ഒന്നര വർഷമായി വിളിച്ച് ചേർക്കാത്ത റമഡിയൽ സെൽ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സമര രംഗത്തിറങ്ങിയിട്ട് കാലമേറയായി. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് സന്ദർശിക്കുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പും, മുഖ്യമന്ത്രി ഞങ്ങളെ കേൾക്കണം എന്നാവശ്യപ്പെട്ട് മുന്നണി സമര രംഗത്തുണ്ടായിരുന്നു.

രണ്ട് പതിറ്റാണ്ട് ആകാശത്തുനിന്ന് എൻഡോസൾഫാൻ എന്ന കീടനാശിനി തളിച്ചതിന്റെ ദുരന്തമാണ് ഇവർ അനുഭവിക്കുന്നത്. ആയിരക്കണക്കിനു മനുഷ്യരാണ് മാനസികവും ശാരീരികവുമായ വൈകല്യം ബാധിച്ച് ഈ കീടനാശിനിയുടെ ഇരകളാക്കപ്പെട്ടത്. തല വലുതായതും കാലുകള്‍ പിണഞ്ഞുപോയതുമായ അനവധി കുട്ടികള്‍ ഇന്നും ഈ മണ്ണിലുണ്ട്. പക്ഷേ മതിയായ ചികിത്സയ്ക്ക് സർകാരുകൾ നൽകുന്ന വാഗ്ദാനങ്ങളൊന്നും നടപ്പിലാവാത്ത അവസ്ഥയാണുള്ളത്.

ന്യൂറോളജിസ്റ്റിന്റെ സേവനം ജില്ലയിൽ ഉറപ്പാക്കണമെന്ന ആവശ്യം വർഷങ്ങളായി ദുരിത ബാധിതർ ഉയർത്താൻ തുടങ്ങിയിട്ടും അനുകൂല നടപടികൾ ഉണ്ടായിട്ടില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൂടി സഹായകരമാവുന്ന തരത്തിൽ പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട കാസർകോട് മെഡികൽ കോളജിന്റെ പ്രവർത്തനം എങ്ങുമെത്താതെ കിടക്കുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇപ്പോഴും മംഗ്ളൂറിനെയോ മറ്റുജില്ലകളെയോ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

2017ല്‍ സുപ്രീം കോടതി മുഴുവന്‍ ആളുകള്‍ക്കും ആ ജീവനാന്ത ചികിത്സയും ധനസഹായവും നല്‍കണമെന്ന് ഉത്തരവിടുകയുണ്ടായി. മനുഷ്യാവകാശ കമീഷനും ഇടപെട്ടു. പക്ഷേ ദുരിതബാധിതർ ഇന്നും സമരം ചെയ്യുന്ന സ്ഥിതിയിലാണ് കാര്യങ്ങളുള്ളത്.

'ഓരോ മരണത്തിലും ഭരണകൂടം സന്തോഷിക്കയായിരിക്കും. ഇനിയും അലോസരപ്പെടുത്തില്ലല്ലൊ. മരിച്ചു തീരട്ടേയെന്ന് ഉരുവിടുന്നുണ്ടാകും. എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ പെട്ടു പോയാൽ, അധികൃതർക്ക് നഷ്ടമല്ലെ, മരിച്ചു തീർന്നാൽ അത്രയും ലാഭമായില്ലെ' - രണ്ട് കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

‘തമ്പുരാക്കന്മാരെ കേരളത്തെ നിങ്ങൾ 300 കിലോമീറ്റർ വേഗത്തിലോടിക്കാൻ ഭാവന ചെയ്യുമ്പോൾ നിങ്ങളോർക്കണം, ഇവിടെ മുട്ടിലിഴയാൻ പോലും കഴിയാത്ത, അനക്കറ്റ, വേഗത എന്ന അനുഭവമെന്തെന്നറിയാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങളുണ്ട് എന്ന്. അവരുടെ അമ്മമാരുടെ കണ്ണീർ ഒഴുകിക്കൊണ്ടേയിരിക്കുന്നുണ്ട് എന്ന്' - സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു. ഇനിയും തങ്ങളെ മരണത്തിന് വിട്ടുകൊടുക്കാതെ അധികൃതർ ഉണരണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം.

Keywords: Kerala, News, Kasaragod, Endosulfan-victim, Endosulfan, Top-Headlines, Death, Hospital, Treatment, Children, Protest, No end to the plight of endosulfan victims of Kasargod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia