ഉദ്ഘാടനം ജനുവരിയോടെ; ദേശീയപാതയുടെ 480 കി.മീ. ഡിസംബറിൽ പൂർത്തിയാകും; കാസർകോടും മലപ്പുറത്തും നിർമ്മാണം അതിവേഗം
● ബാക്കിയുള്ള ഭാഗങ്ങൾ 2026 മാർച്ചിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
● കണ്ണൂരിലെ ചിലയിടങ്ങളിൽ അടിപ്പാതകളുടെ കുറവ് കണ്ടെത്തി.
● മലപ്പുറത്താണ് നിർമ്മാണം ഏറ്റവും വേഗത്തിൽ പുരോഗമിക്കുന്നത്.
● തിരുവനന്തപുരത്ത് നിർമാണം മന്ദഗതിയിലാണെന്ന് യോഗം വിലയിരുത്തി.
തിരുവനന്തപുരം: (KasargodVartha) ദേശീയപാത 66-ൽ 480 കിലോമീറ്റർ നിർമ്മാണം ഈ വർഷം ഡിസംബറോടെ ആറുവരിപ്പാതയായി പൂർത്തിയാകും. ഇവയുടെ ഉദ്ഘാടനം അടുത്തവർഷം ജനുവരിയോടെ നടത്തും.
ശേഷിച്ചവ 2026 മാർച്ചിൽ പൂർത്തിയാക്കാനും തീരുമാനിച്ചു. പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.
ആകെ 560 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയിൽ വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില മേഖലകളിൽ നിർമ്മാണം മന്ദഗതിയിലാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ കരാറുകാരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നിർമ്മാണത്തിലെ മെല്ലെപ്പോക്ക് തുടർന്നാൽ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
കണ്ണൂർ ജില്ലയിലെ ദേശീയപാത നിർമ്മാണത്തിൽ ചിലയിടങ്ങളിൽ അടിപ്പാതകളുടെ കുറവ് കാരണം ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ചുറ്റിക്കറങ്ങേണ്ട അവസ്ഥയുണ്ട്. ഇവിടങ്ങളിൽ അടിപ്പാതയ്ക്ക് സൗകര്യം ഒരുക്കണം. ഇതിനായി ജില്ലാ കലക്ടറെയും പോലീസ് മേധാവിയെയും ചുമതലപ്പെടുത്തി.
ജില്ലാ അടിസ്ഥാനത്തിലുള്ള നിർമ്മാണ പുരോഗതി ഇങ്ങനെയാണ്: കാസർകോട് 83 കിലോമീറ്ററിൽ 70 കിലോമീറ്റർ പൂർത്തിയായി. കണ്ണൂരിൽ 48 കിലോമീറ്ററിൽ എവിടെയും പൂർത്തിയായിട്ടില്ല. കോഴിക്കോട് ജില്ലയിൽ 69 കിലോമീറ്ററിൽ 55 കിലോമീറ്റർ പൂർത്തിയായി.
മലപ്പുറത്ത് 77 കിലോമീറ്റർ നിർമ്മാണത്തിൽ 76 കിലോമീറ്ററും പൂർത്തിയായിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ 62 കിലോമീറ്റർ ദൂരത്തിൽ 42 കിലോമീറ്റർ പൂർത്തിയായപ്പോൾ എറണാകുളത്ത് 26 കിലോമീറ്ററിൽ 9 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്.
ആലപ്പുഴയിൽ 95 കിലോമീറ്ററിൽ 34 കിലോമീറ്റർ പൂർത്തിയായി. കൊല്ലത്ത് 56 കിലോമീറ്ററിൽ 24 കിലോമീറ്റർ പൂർത്തിയായപ്പോൾ തിരുവനന്തപുരത്ത് 30 കിലോമീറ്ററിൽ 5 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.
Article Summary: 480 km of Kerala NH 66 to be completed by December.
#NH66 #KeralaRoads #PinarayiVijayan #Infrastructure #RoadConstruction #Kerala






