Bridge | കാന ഗോളിയടുക്കയിൽ പാലമെന്ന ജനങ്ങളുടെ ദീർഘകാല സ്വപ്നത്തിന് പുതുപ്രതീക്ഷ; നവകേരള സദസിൽ വാർഡ് അംഗം നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി
Jan 6, 2024, 13:45 IST
ബദിയഡുക്ക: (KasargodVartha) കന്യപ്പാടി - കാന ഗോളിയടുക്കയിൽ പാലമെന്ന ജനങ്ങളുടെ ദീർഘകാല സ്വപ്നത്തിന് പുതുപ്രതീക്ഷ. പാലത്തിനായി വാർഡ് അംഗം രവികുമാർ റൈ നവ കേരള സദസിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി. ബദിയടുക്ക പഞ്ചായതിലെ 13-ാം വാർഡിൽ പെടുന്ന സ്ഥലമാണ് ഗോളിയടുക്ക.
ഇവിടെ നൂറോളം പട്ടിക ജാതി കുടുംബങ്ങൾ ഉൾപെടെ 1200 പേർ താമസിക്കുന്നുണ്ട്. കന്യപ്പാടി ടൗണിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുമെങ്കിലും തോട് കടന്ന് പോകേണ്ടതിനാൽ വാഹന സഞ്ചാരം അസാധ്യമാണ്. കന്യപ്പാടി ടൗണിൽ നിന്നും 30 രൂപ കൊടുത്താൽ ഓടോറിക്ഷയിൽ എത്തിപ്പെടാൻ കഴിയുന്ന ഗോളിയടുക്കയിലേക്ക് നിലവിൽ 70 രൂപ കൊടുത്ത് ബദിയഡുക്ക റോഡിൽ നിന്നും കാന്തലം വഴി പോകേണ്ട സാഹചര്യമാണ് ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
കാന പാലം വന്നാൽ സമയവും സാമ്പത്തിക ചിലവുകളും ലാഭിക്കാനാകും. തോടിന് കുറുകെ പാലം വേണമെന്ന് വർഷങ്ങളായി ഇവിടെ താമസിക്കുന്നവർ ആവശ്യപ്പെട്ട് വരികയാണ്. എന്നാൽ തിരഞ്ഞടുപ്പ് ഘട്ടത്തിൽ, കാനയിൽ പാലം നിർമിക്കുമെന്ന് ഉറപ്പ് നൽകി പോകുന്നത് മാത്രമാണ് നടക്കുന്നതന്ന ആശങ്ക ഇവർ പങ്കുവെക്കുന്നു. ഏകദേശം 1.25 കോടി രൂപയാണ് പാലം നിർമാണത്തിന് ചിലവ് കണക്കാക്കുന്നത്.
ഇതിന് ആവശ്യമായ പ്രൊപോസൽ തയ്യാറാക്കാൻ വേണ്ടി പഞ്ചായതിൽ നിന്നും പണം നീക്കിവെച്ചതായി വാർഡ് അംഗം അറിയിച്ചു. സ്ഥലം അളന്ന് റിപോർട് സമർപിക്കാൻ കാസർകോട് പൊതുമരാമത്ത് പാലം വിഭാഗം ഓവർസീയർമാരായ സേതു ചന്ദ്രൻ, രേഷ്മ എന്നിവരാണ് കഴിഞ്ഞ ദിവസം എത്തിയത്. വാർഡ് മെമ്പർ രവികുമാർ റൈയും ഒപ്പമുണ്ടായിരുന്നു.
Keywords: News, Malayalam, Kerala, Kasaragod, Badiyadukka, Kanniyapadi, Kana, New hope for bridge at Kana Goliadka