city-gold-ad-for-blogger

നാവിക അക്കാദമി ഓഫീസര്‍ ട്രെയിനിയുടെ ദുരൂഹമരണം; നാവികസേനാ മേധാവികള്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട്

പയ്യന്നൂര്‍: (www.kasargodvartha.com 05.07.2017) ഏഴിമല നാവിക അക്കാദമിയിലെ ഓഫീസര്‍ ട്രെയിനി മലപ്പുറം താനൂരിലെ സൂരജ് ഗുഡ്ഡപ്പ (25)യുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവിലേക്ക്. രണ്ട് നാവിക സേനാ മേധാവികള്‍ക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി. മധുസൂദനന്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേരത്തെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി നാവിക ഉദ്യോഗസ്ഥരായ വി എ ചൗധരി, വിശാഖ് പാണ്ഡെ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.

പിന്നീടാണ് കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം പ്രത്യേക അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി. മധുസൂദനനാണ് അന്വേഷണ സംഘത്തലവന്‍. ഇപ്പോള്‍ ആത്മഹത്യാപ്രേരണ കുറ്റത്തിന് പുറമെ കൂടുതല്‍ ഗൗരവമായ വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.

പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേറ്റിന് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ അന്വേഷണ സംഘം അക്കാദമിയിലെത്തി തെളിവെടുക്കും. കഴിഞ്ഞ മെയ് 17 നാണ് നാവിക അക്കാദമിയുടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി സൂരജ് ജീവനൊടുക്കിയത്. അക്കാദമിയിലെ മേലുദ്യോഗസ്ഥരുടെ ക്രൂരമായ പീഡനം മൂലമാണെന്ന് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന സൂരജിന്റെ ആത്മഹത്യാക്കുറിപ്പില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

മൃതദേഹ പരിശോധന നടത്തുമ്പോള്‍ തന്റെ ബാരക് പരിശോധിക്കണമെന്ന കുറിപ്പ് പയ്യന്നൂര്‍ പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാരക് പരിശോധിച്ചപ്പോഴാണ് സൂരജിന്റെ ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. ഭക്ഷണം നല്‍കാതെയും ഉറങ്ങാന്‍ പോലും അനുവദിക്കാതെയും പാതിരാത്രികളില്‍ പോലും കഠിന പരിശീലനം നല്‍കുകയും, ശിക്ഷാ നടപടിയായി അലമാരയ്ക്കുള്ളില്‍ അടച്ചിടുകയും ചെയ്തുവെന്നും ശാരീരികമായി ഉപദ്രവിച്ചു എന്നും കേസെടുത്ത ഉദ്യോഗസ്ഥരുടെ പേര് സഹിതം എഴുതിയ ആത്മഹത്യാ കുറിപ്പാണ് പോലീസിന് ലഭിച്ചത്.

നാവിക അക്കാദമി ഓഫീസര്‍ ട്രെയിനിയുടെ ദുരൂഹമരണം; നാവികസേനാ മേധാവികള്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Report, court, Naval academy officer trainee's death; court report against Naval officers

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia