Arrest | ബേഡകത്തെ മുര്‍സീനയുടെ മരണം: ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു, കോടതി ജാമ്യത്തില്‍ വിട്ടു; ചുമത്തിയത് നിസാര വകുപ്പുകളെന്ന് യുവതിയുടെ ബന്ധുക്കള്‍
Dec 28, 2023, 22:15 IST
ബേഡകം: (KasargodVartha) ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ അസ്‌കർ ആണ് അറസ്റ്റിലായത്. ഐപിസി 498 (ഗാര്‍ഹിക പീഡന നിരോധന വകുപ്പ്), അടിച്ചുപരിക്കേല്‍പ്പിച്ചതിന് 323 വകുപ്പുകള്‍ പ്രകാരം ബേഡകം എസ്ഐ എം പി പ്രതീഷാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അസ്കറിനെ പിന്നീട് കോടതി ജാമ്യം നല്‍കി വിട്ടയച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് പള്ളിക്കര പള്ളിപ്പുഴ കീക്കാനിലെ എന്‍ പി മുഹമ്മദ്-ബീഫാത്വിമ ദമ്പതികളുടെ മകള്‍ മുര്‍സീന (25) മരണപ്പെട്ട സംഭവത്തിലാണ് പൊലീസ് നടപടി. അതേസമയം, ആത്മഹത്യാ പ്രേരണ കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും, ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും യുവതിയുടെ ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ അശ്കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ച മുര്‍സീനനയുടെ കുടുംബത്തിന്റെ പരാതി.
കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മുര്‍സീനനയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് ഭര്‍തൃവീട്ടുകാര്‍ അന്ന് പൊലീസിന് മൊഴി നല്‍കിയത്. എന്നാൽ തൂങ്ങിമരിച്ചുവെന്ന് പറയുന്ന സാഹചര്യവും സംശയാസ്പദമാണെന്ന് യുവതിയുടെ കുടുംബം പറയുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് വീട്ടുകാര്‍ നേരത്തെ രംഗത്ത് വന്നിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുര്‍സീനന സഹോദരിമരോട് വെളിപ്പെടുത്തിയിരുന്നു. മകളുടെ മരണം വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും ഇതില്‍ അസ്വാഭാവികതയുണ്ടെന്നും ആരോപിച്ച് വീട്ടുകാര്‍ ബേക്കല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഗാര്‍ഹിക പീഡന നിരോധന നിയമവും, അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നതിനും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.
2020ലായിരുന്നു അസ്‌കറുമായുള്ള മുര്‍സീനനയുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ രണ്ടു വയസുള്ള മകളുണ്ട്. മകള്‍ ഇപ്പോള്‍ യുവതിയുടെ വീട്ടുകരുടെ സംരക്ഷണത്തിലാണ്. 'വിവാഹ സമയത്ത് 20 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. സഊദിയില്‍ ജോലി ഉണ്ടായിരുന്ന സമയത്തായിരുന്നു വിവാഹം. കല്യാണത്തിന് ശേഷം സഊദിയിലേക്ക് പോയ അസ്കര്‍ അധികം വൈകാതെ നാട്ടിലേക്ക് മടങ്ങി വന്നു. ജോലിക്കു പോകുകയോ മറ്റു കാര്യമായ വരുമാനമൊന്നുമില്ലാതെ വന്നതോടെ സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് അസ്കറും മാതാപിതാക്കളും മാനസികവും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു', യുവതിയുടെ പിതാവ് നൽകിയ പരാതിയില്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പ് മുര്‍സീനന പീഡനം സഹിക്ക വയ്യാതെ പള്ളിപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. പിന്നീട് ബന്ധുക്കളുടെ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്നാണ് മുര്‍സീനന വീണ്ടും ഭര്‍തൃവീട്ടില്‍ തിരിച്ച് പോയത്. മരിക്കുന്നതിന് തലേ ദിവസം യുവതി സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ഉപദ്രവം അസഹനീയമാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായും പിറ്റേദിവസം ഭര്‍തൃവീട്ടിലെത്തി കൂട്ടികൊണ്ട് വരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നയും വീട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇവർ മുര്‍സീനനയെ കൂട്ടിക്കൊണ്ടുവരാന്‍ പോകാനിരിക്കെയാണ് തൂങ്ങിമരിച്ചതായുള്ള വിവരം ഭർതൃവീട്ടുകാർ യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്.
സംഭവം നടന്ന വിവരമറിഞ്ഞ് അയല്‍ക്കാരെത്തുന്നതിന് മുമ്പ് മുര്‍സീനനയെ കെട്ടഴിച്ച് താഴെയിറക്കിയിരുന്നതായും ആരോപണമുണ്ട്. ആദ്യം ബന്തഡുക്കയിലെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് കാസര്‍കോട് താലൂക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ വെച്ചാണ് വീട്ടുകാര്‍ യുവതിയുടെ ചേതനയറ്റ മൃതദേഹം കണ്ടത്. മുര്‍സീനന ഉപയോഗിച്ച് കൊണ്ടിരുന്ന ഫോണ്‍ കേടായ ശേഷം വേറെ ഫോണ്‍ നല്‍കിയിരുന്നില്ലെന്നും കുഞ്ഞിന്റെ കാതുകുത്തിന് പോലും പിതാവിനോടോ സഹോദരന്‍മാരോട് പണം വാങ്ങിക്കൊണ്ടുവരണമെന്ന് അസ്കര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മുര്‍സീനന വിളിച്ച് പറഞ്ഞിരുന്നതായി സഹോദരി സുരയ്യ പറയുന്നു.
ഭര്‍ത്താവിന്റെ ഫോണിലേക്ക് വീട്ടുകാര്‍ വിളിച്ചാല്‍ തുറന്ന് സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും നിന്നെ തല്ലിക്കൊന്നാലും ആരും ചോദിക്കാന്‍ വരില്ലെന്നും ഇടയ്ക്കിടെ ഭര്‍ത്താവും മാതാവും പറയാറുണ്ടെന്നും മുഹ്സീന പറഞ്ഞിരുന്നതായി സഹോദരി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ അസ്കറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Arrest, Crime, Malayalam News, Muhsina's death: Youth arrested, court granted bail