Tragedy | വയനാട്ടില്‍ കണ്ടത് സങ്കടകരമായ കാഴ്ചകള്‍; ഒറ്റനിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു; പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷന്‍ 3കോടി രൂപ നല്‍കുമെന്ന് നടന്‍ മോഹന്‍ലാല്‍
2015ല്‍ മോഹന്‍ലാല്‍ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരില്‍ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍
ഇവിടെ എത്തിയാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ
നമ്മളെല്ലാവരും ഒന്നിച്ചുചേര്‍ന്ന് അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നത് വലിയ കാര്യമെന്നും താരം
മേപ്പാടി: (KasargodVartha) വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നു കോടി രൂപ നല്‍കുമെന്ന് നടന്‍ മോഹന്‍ലാല്‍. ആദ്യഘട്ടമായാണ് മൂന്ന് കോടി രൂപ നല്‍കുകയെന്നും പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതല്‍ തുക വേണമെങ്കില്‍ നല്‍കുമെന്നും താരം പറഞ്ഞു. 2015ല്‍ മോഹന്‍ലാല്‍ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരില്‍ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍.
#HarKaamDeshKeNaam
— PRO Defence Kochi (@DefencePROkochi) August 3, 2024
Lt Col (Hon) @Mohanlal visits #WayanadLandslide areas along with his own 122 InfantryBattalion, TA Madras to boost the morale of all personnel involved in the rescue operations. #MalabarTerriers
𝒲𝒽𝑒𝓃 𝒹𝓊𝓉𝓎 𝒸𝒶𝓁𝓁𝓈, 𝐼 𝒶𝓂 𝓉𝒽𝑒𝓇𝑒...@IaSouthern pic.twitter.com/ZsImX8bpzI
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ചശേഷം പുഞ്ചിരിമട്ടത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വളരെ സങ്കടകരമായ കാഴ്ചകളാണ് വയനാട്ടില്‍ കണ്ടതെന്ന് പറഞ്ഞ താരം ഇവിടെ എത്തിയാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ എന്നും അറിയിച്ചു. ഒറ്റനിമിഷം കൊണ്ട് ഒട്ടേറെപ്പേര്‍ക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു. എന്നാല്‍ നമ്മളെല്ലാവരും ഒന്നിച്ചുചേര്‍ന്ന് അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നത് വലിയ കാര്യമാണ്.
ഇന്‍ഡ്യന്‍ സൈന്യം, വ്യോമസേന. നാവികസേന, അഗ്‌നിരക്ഷാസേന, എന്‍ഡിആര്‍എഫ്, പൊലീസ്, ആതുരസേവകര്‍, എല്ലാത്തിനും ഉപരി നാട്ടുകാര്‍ എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണ്. ചുരുങ്ങിയ സമയംകൊണ്ട് ബെയ്ലി പാലം നിര്‍മിക്കാനായത് തന്നെ അത്ഭുതമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഞാനും കൂടി ഉള്‍പെടുന്ന 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസാണ് ആദ്യം ഇവിടെയെത്തുന്നത്. അതിലെ നാല്‍പ്പതോളം പേര്‍ ആദ്യമെത്തി വലിയ പ്രയത്‌നങ്ങള്‍ നടത്തി. ഒരുപാട് പേരെ രക്ഷിച്ചു. കഴിഞ്ഞ 16 വര്‍ഷമായി ഞാന്‍ ഈ ബറ്റാലിയന്റെ ഭാഗമാണ്. ഇവര്‍ക്കൊക്കെ പ്രചോദനമാകാനും അവരോട് നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് ഇവിടെയെത്തിയത്. ഇത്തരം ദുരന്തങ്ങള്‍ ഇനിയുണ്ടാകാതിരിക്കാന്‍ നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കണണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.