മഞ്ചേശ്വരത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ സിപിഎമ്മിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; സെക്രട്ടറിയേറ്റ് മെമ്പറും മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമനെ മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി നിയമിച്ചു
Feb 28, 2020, 16:53 IST
മഞ്ചേശ്വരം: (www.kasargodvartha.com 28.02.2020) മഞ്ചേശ്വരത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ സിപിഎമ്മിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. സെക്രട്ടറിയേറ്റ് മെമ്പറും മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമനെ മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി നിയമിച്ചു. ഉദുമ സ്വദേശിയായ കെ വി കുഞ്ഞിരാമനെ ജില്ലയിലെ ഏറ്റവും വടക്കന്‍ പ്രദേശത്തെ ഏരിയ സെക്രട്ടറിയായി നിയമിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്.
നിലവിലുണ്ടായ ഏരിയാ സെക്രട്ടറി അബ്ദുര്‍ റസാഖ് ചിപ്പാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ഏരിയാ സെക്രട്ടറിയെ കണ്ടെത്തേണ്ടി വന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് മാസ്റ്റര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വെള്ളിയാഴ്ച മഞ്ചേശ്വരം ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. എംഎല്‍എ ആയിരുന്ന പി ബി അബുര്‍ റസാഖ് അന്തരിച്ചതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ രീതിയിലുള്ള വോട്ട് ചോര്‍ച്ച സംഭവിച്ചിരുന്നു. സ്വന്തം മണ്ഡലക്കാനായ ശങ്കര്‍ റൈ മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടും എട്ട് ശതമാനത്തിന് മുകളില്‍ വോട്ട് ചോര്‍ച്ച മുന്നണിക്ക് സംഭവിച്ചിരുന്നു.
പാര്‍ട്ടിക്കുള്ളിലെ തൊഴുത്തില്‍ കുത്തും, മുന്നണി ബന്ധത്തിലുണ്ടായ ഉലച്ചിലും എല്‍ഡിഎഫിന് തിരിച്ചടിയാവുകയായിരുന്നു. മഞ്ചേശ്വരം ഏരിയയില്‍ നിന്നു തന്നെയുള്ള ഒരാളെ ഏരിയാ സെക്രട്ടറിയാക്കുന്നതിന് പകരം പുറത്തു നിന്നും കെ വി കുഞ്ഞിരാമനെ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ഇറക്കി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് നേതൃത്വം. കെ വി കുഞ്ഞിരാമന്റെ നേതൃപാടവം മുതലാക്കി മഞ്ചേശ്വരത്ത് സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നേരത്തെ സി എച്ച് കുഞ്ഞമ്പുവിനെ എംഎല്‍എയായി വിജയിക്കാന്‍ കഴിഞ്ഞതും പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു.
Keywords: Manjeshwaram, News, Kerala, Kasaragod, K.V Kunhiraman, MLA, Manjeswaram area secretary, A ppointed, Election, MLA KV Kunhiraman appointed Manjeswaram area secretary







