മന്ത്രി മുനീറിന്റെ ഗ്രാമയാത്ര 22ന്; ഉപ്പള ഒരുങ്ങി
Nov 19, 2012, 17:44 IST
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ. മുനീറിന്റെ മഞ്ചേശ്വരം മണ്ഡലം ഗ്രാമയാത്ര 22ന് ഉപ്പളയില്‍ നടക്കുമെന്ന് മഞ്ചേശ്വരം മണ്ഡലം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖും മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ് ആഇശത്ത് താഹിറയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അവര്‍ അറിയിച്ചു.
22 ന് രാവിലെ 8.30 ന് ഉപ്പള ടൗണില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. മന്ത്രിയും എം.എല്‍.എയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംമ്താസ് സമീറ, എട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സാംസ്ക്കാരിക നായകര്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ അണിനിരക്കും.
യക്ഷഗാനം, നൃത്തം, ഞാറു നടല്‍, മത്സ്യ ബന്ധനം, പ്രാചീന വേഷങ്ങള്‍ ,ദഫ്, ഒപ്പന, കോല്‍ക്കളി, അറബനമുട്ട്, എന്നീ കലാരൂപങ്ങള്‍ ഘോഷയാത്രയെ അനുഗമിക്കും. കുടുംബശ്രീ, അംഗണ്‍വാടി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവരും ഘോഷയാത്രയില്‍ അണിചേരും.
ഒമ്പത് മണിക്ക് ഉപ്പള ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്‍വശത്തെ വേദിയില്‍ ഗ്രാമസഭ ആരംഭിക്കും. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. മന്ത്രി മുനീര്‍ ആമുഖ പ്രഭാഷണം നടത്തും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായം മന്ത്രിയും വിഗലാംഗര്ക്കുള്ള സഹായം പി. കരുണാകരന് എം.പി.യും വിതരണം ചെയ്യും. എക്സിബിഷന് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ആദരിക്കും. സി.ടി. അഹമ്മദലി, ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
2000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലിലാണ് ഗ്രാമ സഭ ചേരുക. ഓലക്കുടിലിന്റെ രൂപത്തിലാണ് സ്റ്റേജ് ഒരുക്കിയിട്ടുള്ളത്. ഗ്രാമീണ രീതിയില്‍ കഞ്ഞിയും കിഴങ്ങും അടങ്ങുന്ന സമൂഹ സദ്യയും ഒരുക്കിയിട്ടുണ്ട്. ഗ്രാമസഭയുടെ പ്രചരണാര്‍ഥം 21ന് ഉപ്പള മുതല്‍ നയാബസാര്‍ വരെ വിളംബര ജാഥ നടത്തും. വിവിധ രാജ്യങ്ങളുടെ നാണയങ്ങള്‍, പുരാവസ്തുക്കള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പ്രാചീന ഗൃഹോപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവ യോഗ സ്ഥലത്ത് പ്രദര്‍ശിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം.കെ. അലി മാസ്റ്റര്‍, പുഷ്പരാജ് ഐല്‍, എം. അലിക്കുഞ്ഞി, ബി.കെ. കേശവ, മുഹമ്മദ് അസീം എന്നിവരും സംബന്ധിച്ചു.
Keywords: M.K..Muneer,Kasaragod, Minister, Manjeshwaram, Uppala, Mangalpady, Panchayath, President, Press meet, Leader, Teachers, Kerala







