Search | അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിട്ടു; റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്
തിരുവനന്തപുരം: (KasargodVartha) തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് (Kazhakkoottam) അസം (Assam) സ്വദേശിനിയായ 13 കാരിയെ കാണാതായിട്ട് 26 മണിക്കൂർ പിന്നിട്ടു. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കന്യാകുമാരി (Kanniyakumari) റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്.
ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. ട്രെയിന്‍ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്. ഈസമയം മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിന്‍ എത്തിയ മൂന്നാം പ്ലാറ്റ്‌ഫോമിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. നിലവില്‍ സ്റ്റേഷനിലെ മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.
കന്യാകുമാരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കുട്ടിയെ പുലര്‍ച്ചെ കണ്ടിരുന്നതായാണ് ഓട്ടോ റിക്ഷ ഡ്രൈവര്‍മാരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. കന്യാകുമാരി ബീച്ചിലും ടൗണിലും ഉള്‍പ്പെടെ കേരള പൊലീസും കന്യാകുമാരി പൊലീസും തിരച്ചില്‍ നടത്തുകയാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലടക്കം മറ്റിടങ്ങളിലും പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ കന്യാകുമാരിയില്‍ നിന്ന് പുനെയിലേക്കുള്ള ജയന്തി ജനത എക്‌സ്പ്രസില്‍ പരിശോധന നടത്തുകയാണ് പൊലീസ്. കുട്ടി കന്യാകുമാരിയില്‍ നിന്ന് തിരിച്ചുവരാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന. കന്യാകുമാരിയിലും നഗര്‍ കോവിലിലും പൊലീസ് സംഘം വിശദമായ തിരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനുള്ള തീവ്രശ്രമം നടത്തുകയാണ് പൊലീസ്.
ഇന്നലെ രാവിലെ പത്തരയോടെയാണ് കഴക്കൂട്ടത്തെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിനാലാണ് പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങിയതെന്നാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. കുട്ടി ഇരുന്ന് കരയുന്നത് കണ്ട് സംശയം തോന്നിയ ഒരു വിദ്യാര്‍ത്ഥിനി നെയ്യാറ്റിന്‍കരയില്‍ വെച്ച് പകര്‍ത്തിയ ചിത്രമാണ് തിരച്ചിലിന് നിര്‍ണായകമായത്.
#MissingGirl, #Kerala, #Assam, #Kanyakumari, #PoliceSearch, #CCTV