Power Outage | കാസർകോട്ടെ വൈദ്യുതി തടസം: അടിയന്തര പരിഹാരത്തിന് മന്ത്രിയുടെ ഇടപെടൽ; രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി എംഎൽഎമാർ

● ഹെഗ്ഗുൻജെ ഫീഡർ നന്നാക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
● കെഎസ്ഇബിയിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരെ ഓഫീസിൽ വിളിച്ചുവരുത്തി
● കർണാടകയിലെ അധികൃതരുമായി ബന്ധപ്പെടാൻ നിർദേശം നൽകി.
തിരുവനന്തപുരം: (KasargodVartha) കാസർകോട്, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ വൈദ്യുതി ഉപഭോക്താക്കൾ നേരിടുന്ന പ്രയാസങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎമാരായ എൻഎ നെല്ലിക്കുന്നും എകെഎം അഷ്‌റഫും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി എംഎൽഎമാർ അറിയിച്ചു.
കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ ലോഡ് നിയന്ത്രണത്തെ തുടർന്ന് 110 കെ.വി കൊണാജെ മഞ്ചേശ്വരം ഫീഡർ തിങ്കളാഴ്ച മുതൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. തകരാറിലായ കെ.പി.ടി.സി.എല്ലിന്റെ 220 കെ.വി വറായ് ഹെഗ്ഗുൻജെ ഫീഡർ റിപ്പയർ ചെയ്യുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്.
റിപ്പയറിംഗ് ജോലി പൂർത്തീകരിക്കാൻ അഞ്ച് ദിവസത്തിലധികം വേണ്ടിവരുമെന്നാണ് കർണാടക അധികൃതർ അറിയിച്ചിരുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ പൂർത്തീകരിക്കാൻ കർണാടക അധികൃതരിൽ സമ്മർദം ചെലുത്തണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരെ തന്റെ ഓഫീസിൽ വിളിച്ചുവരുത്തിയ മന്ത്രി കർണാടകയിലെ വൈദ്യുതി വകുപ്പിലെ അധികൃതരുമായി ബന്ധപ്പെടാൻ നിർദേശം നൽകി.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങസൽ രേഖപ്പെടുത്തുകയും ചെയ്യുക.
Electricity Minister K Krishnankutty has assured MLAs that the power outage issue in Kasaragod and Manjeshwaram constituencies will be resolved within two days.
#PowerOutage, #Kasaragod, #MinisterIntervention, #KeralaElectricity, #MLAs, #KSEB