city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Health | ഒ ആര്‍ എസിന്റെ ഉപയോഗം ജീവന്‍ രക്ഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Minister Veena George Emphasizes Importance of ORS
Photo Credit: Facebook/ Veena George
ഒ ആർ എസ് ദിനം ആചരിക്കുന്നു

തിരുവനന്തപുരം: (KasargodVartha) മഴകാലത്ത് വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള കാലമായതിനാല്‍ ഒ ആര്‍ എസ് അഥവാ ഓറല്‍ റീ ഹൈഡ്രേഷന് വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 

ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ ആര്‍ എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ നിന്നും ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങള്‍ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളില്‍ തടയാന്‍ ഒ ആര്‍ എസ് നല്‍കുന്നതിലൂടെ സാധിക്കുന്നതാണ്. വയറിളക്കമോ ഛര്‍ദ്ധിലോ നിന്നില്ലെങ്കില്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയും പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒ ആര്‍ എസ് ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. വയറിളക്കത്തെ തുടര്‍ന്നുള്ള നിര്‍ജലീകരണം മൂലമുള്ള മരണങ്ങള്‍ തടയുന്നതിനും രോഗം പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 സംഘടിപ്പിക്കുന്നത്. ഒ ആര്‍ എസിന്റെയും സിങ്കിന്റെയും കവറേജ് 2029ഓടുകൂടി 90 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഇതിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ജൂലൈ 29ന് ഒ.ആര്‍.എസ്. ദിനം ആചരിക്കുന്നത്.

ഒ.ആര്‍.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഒ ആര്‍ എസ് നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ ആര്‍ എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒ ആര്‍ എസ് ലായനി നല്‍കണം. എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ ആര്‍ എസ് പാക്കറ്റുകള്‍ സൂക്ഷിക്കുക. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ ആര്‍ എസ് സൗജന്യമായി ലഭ്യമാണ്.

വയറിളക്കമുള്ളപ്പോള്‍ ഒ ആര്‍ എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്. ഇതിലൂടെ രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും. രണ്ട് മുതല്‍ ആറ് മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസം 10 മില്ലി ഗ്രാം സിങ്ക് ഗുളികയും ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 20 മില്ലി ഗ്രാം സിങ്ക് ഗുളികയും 14 ദിവസം വരെ നല്‍കേണ്ടതാണ്. രോഗം ഭേദമായാലും 14 ദിവസം വരെ ഗുളിക നല്‍കേണ്ടതാണ്.

ഒ ആര്‍ എസ് തയ്യാറാക്കേണ്ട വിധം

· കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക
· വൃത്തിയുള്ള പാത്രത്തില്‍ ഒരു ലിറ്റര്‍ (5 ഗ്ലാസ്) തിളപ്പിച്ചാറിയ വെള്ളം എടുക്കുക.
· ഒരു പാക്കറ്റ് ഒ.ആര്‍.എസ്. വെള്ളത്തിലിട്ട് സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക.
· വയറിളക്ക രോഗമുള്ള രോഗികള്‍ക്ക് ഈ ലായനി നല്‍കേണ്ടതാണ്.
· കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദ്ദിയുണ്ടെങ്കില്‍ അഞ്ച് മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക.
· ഒരിക്കല്‍ തയ്യാറാക്കിയ ലായനി 24 മണിക്കൂറിന് ശേഷം ഉപയോഗിക്കാന്‍ പാടില്ല.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia