city-gold-ad-for-blogger

കാസര്‍കോട്ട് കശുവണ്ടി സംഭരണം കാര്യക്ഷമമാക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കാസര്‍കോട്: (www.kasargodvartha.com 04.04.2017) ജില്ലയിലെ കശുവണ്ടി സംഭരണം കാര്യക്ഷമമാക്കാനും കശുമാവ് കൃഷിയുടെ വ്യാപനവും കശുവണ്ടി തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനും നടപടിയൊരുക്കുമെന്ന് ഫിഷറീസ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ നിന്ന് കശുവണ്ടി ശേഖരിക്കുന്നത് സംബന്ധിച്ച് കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവ് കൃഷിയില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കശുമാവ് തൈകള്‍ പരിപാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ കശുവണ്ടി ശേഖരിക്കുന്നതില്‍ ആക്ഷേപമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളും കശുവണ്ടി തൊഴിലാളികളും മന്ത്രിയെ അറിയിച്ചു.

കാസര്‍കോട്ട് കശുവണ്ടി സംഭരണം കാര്യക്ഷമമാക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ


ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ മന്ത്രി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ രാജപുരം എസ്റ്റേറ്റിലെ കശുവണ്ടി ശേഖരിക്കാനുളള ടെണ്ടര്‍ റദ്ദ് ചെയ്തു. ടെണ്ടര്‍ എടുത്ത ആള്‍ കരാര്‍ പാലിച്ചില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ടെണ്ടര്‍ റദ്ദ് ചെയ്യാന്‍ മന്ത്രി ഉത്തരവിട്ടത്. കൂടാതെ കോണ്‍ട്രാക്ടറുടെ നടപടിയില്‍ നിയമനടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. മറ്റു തോട്ടങ്ങളിലും വേണ്ട മാറ്റങ്ങള്‍ ആലോചിക്കും. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ രാജപുരം എസ്റ്റേറ്റില്‍ പാണത്തൂര്‍, കമ്മാടി, പയനിക്കര എന്നീ എസ്റ്റേറ്റുകളിലെ കശുവണ്ടി ശേഖരണത്തിനുളള ടെണ്ടറാണ് റദ്ദ് ചെയ്തത്.

എസ്റ്റേറ്റുകളില്‍ അനധികൃതമായി വാഹനങ്ങള്‍ പോകുന്നതും കശുവണ്ടി മോഷ്ടിച്ചു കടത്തുന്നതും തടയാന്‍ പോലീസ് പരിശോധന നടത്തും. തോട്ടങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി കണ്‍വീനറും കെ എസ് സി ഡി സി, കാപെക്‌സ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, കൃഷി വകുപ്പ്, ട്രേഡ് യൂണിയന്‍ തുടങ്ങിയവയുടെ പ്രതിനിധികളെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് കശുമാവിന്‍ തോട്ടങ്ങളില്‍ മേല്‍നോട്ട ചുമതല നല്‍കും.

കഴിഞ്ഞ 40 ദിവസം കൊണ്ട് 776 ക്വിന്റല്‍ കശുവണ്ടിയാണ് സംഭരിച്ചത്. ഇത് നഷ്ടങ്ങളുടെ കണക്കാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഈ നിലയിലുളള പ്രവര്‍ത്തനം മാറണം. കശുമാവ് കര്‍ഷകരില്‍ നിന്നും നേരിട്ട് കശുവണ്ടി ശേഖരിക്കാന്‍ സാധിക്കണം. ന്യായമായ വില കര്‍ഷകര്‍ക്ക് ലഭിക്കണം. ഇതിനായി എല്ലാവരും യോജിച്ച് മുന്നോട്ട് പോകണമെന്ന് മന്ത്രി പറഞ്ഞു. 130 ടണ്‍ കശുവണ്ടി ഒരു ദിവസം ശേഖരിച്ചാല്‍ മാത്രമെ വലിയ വിജയത്തോടെ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുളളൂ എന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു.

യോഗത്തില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കാപെക്‌സ് ചെയര്‍മാന്‍ എസ് സുധേയന്‍, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, കെ എസ് സി ഡി സി മാനേജിംഗ് ഡയറക്ടര്‍ ടി എഫ് സേവ്യര്‍, മുന്‍ എം എല്‍ എ മാരായ പി രാഘവന്‍, കെ പി സതീഷ്ചന്ദ്രന്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, കശുവണ്ടി തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Minister, Programme, Cashew, Robbery, Police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia