അർജന്റീന സൗഹൃദ മത്സരം: കൊച്ചി സ്റ്റേഡിയത്തിന് അംഗീകാരം ലഭിച്ചില്ല; ഫിഫാ അനുമതി ഇല്ലാതെ ഒന്നും നടക്കില്ലെന്ന് സ്പോൺസർ ആൻ്റോ അഗസ്റ്റിൻ
● അടുത്ത മാർച്ച് വിൻഡോയിലേക്ക് മത്സരത്തിനായി ഫിഫയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
● മെസിയുടെ വരവ് തടയാൻ കേരളത്തിലെ ചിലർ തന്നെ ഫിഫയ്ക്ക് മെയിലുകൾ അയച്ചതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ ആരോപിച്ചു.
● നവംബർ 14, വ്യാഴാഴ്ച അർജൻ്റീനയുടെ ഏക സൗഹൃദ മത്സരം അംഗോളയിൽ നടക്കുമെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു.
● കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഫിഫാ മാനദണ്ഡങ്ങൾക്കനുസരിച്ച് നവീകരിക്കുന്നത് തുടരുകയാണ്.
● ടൂർണമെൻ്റിൻ്റെ സ്പോൺസറാണ് റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി.
● മെസ്സി മാത്രമായി വരുന്നതിനേക്കാൾ ലക്ഷ്യം അന്താരാഷ്ട്ര സൗഹൃദ മത്സരം നടത്താനാണെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി: (KasargodVartha) നവംബർ മാസത്തിൽ അർജൻ്റീന ടീം കൊച്ചിയിലേക്ക് എത്തില്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഫുട്ബോൾ ആരാധകർക്ക് വലിയ നിരാശയാണ് നൽകിയിരിക്കുന്നത്. ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന ടീം കേരളത്തിലേക്ക് എത്തില്ലെന്ന് ടൂർണമെൻ്റിൻ്റെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആൻ്റോ അഗസ്റ്റിൻ അറിയിച്ചു. ഒക്ടോബർ 25, ശനിയാഴ്ച രാവിലെയാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം വ്യക്തമാക്കിയത്. മെസ്സിപ്പട കേരളത്തിലേക്ക് വരുമെന്ന ആദ്യ പ്രഖ്യാപനം നടത്തിയത് കായിക മന്ത്രി വി. അബ്ദുറഹിമാൻ ആയിരുന്നുവെങ്കിലും, മത്സരം ഉണ്ടാകില്ലെന്ന് സ്പോൺസർമാർ സ്ഥിരീകരിച്ചതോടെ ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
ഫിഫാ അനുമതി ലഭിച്ചില്ല; ശ്രമം മാർച്ച് വിൻഡോയിൽ
രാജ്യാന്തര സൗഹൃദ മത്സരം മുടങ്ങിയതിൻ്റെ പ്രധാന കാരണം മത്സരത്തിന് ഫിഫാ അനുമതി ലഭിക്കാത്തതാണെന്ന് സ്പോൺസർ സമ്മതിച്ചു. ‘ഗോട്ടി കളിയല്ല, അന്താരാഷ്ട്ര മത്സരമാണ് നടക്കുന്നത്. ഫിഫാ വിൻഡോയിൽ ഉള്ള മാച്ച് ഫിഫ അപ്രൂവൽ ഇല്ലാതെ നടക്കില്ല’ എന്ന് ആൻ്റോ അഗസ്റ്റിൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫിഫയുടെ അനുമതിയില്ലാതെ ഒന്നും നടക്കില്ലെന്ന് 500 വട്ടം പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബറിലെ കളിക്ക് ഫിഫ അനുമതി നൽകിയിട്ടില്ല. എന്നാൽ, അടുത്ത മാർച്ച് വിൻഡോയിലേക്കുള്ള അപേക്ഷ ഫിഫയ്ക്ക് നൽകിയിട്ടുണ്ടെന്നും ആൻ്റോ അഗസ്റ്റിൻ വ്യക്തമാക്കി. ‘അപ്രൂവൽ കിട്ടിയാൽ കളി നടക്കും. ഞങ്ങളും സർക്കാരും ഗൗരവമായി തന്നെയാണ് ഇതിനെ കൈകാര്യം ചെയ്‌തത്. അത്രയും മുതൽമുടക്ക് ചെയ്യുന്നതും അതുകൊണ്ട് തന്നെയാണ്’ എന്നും അദ്ദേഹം പറഞ്ഞു.
മെസിയുടെ വരവ് തടയാൻ ശ്രമിച്ചെന്ന് മന്ത്രി
മെസ്സിയും അർജൻ്റീന ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് വ്യക്തമായതിന് പിന്നാലെ പ്രതികരണവുമായി കായിക മന്ത്രി വി. അബ്ദുറഹിമാൻ രംഗത്തെത്തി. ‘ഫിഫയിൽ ഇത്ര വലിയ പ്രശ്‌നങ്ങളുണ്ടാകാൻ കാരണം നമ്മുടെ സുഹൃത്തുക്കൾ തന്നെ ഫിഫയ്ക്ക് മെയിലയക്കുന്നതുകൊണ്ടാണ്’ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മെസിയുടെ വരവിനെ തടയാനായി പല കാരണങ്ങളും പറഞ്ഞ് നമ്മുടെ ആളുകൾ തന്നെ ഫിഫയ്ക്ക് മെയിലുകൾ അയക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. അർജന്റീനയിൽ നിന്നുള്ള ബന്ധപ്പെട്ട ആളുകൾ വന്ന് പരിശോധിച്ചതിന് ശേഷം എല്ലാം തൃപ്‌തികരമാണെന്ന് പറഞ്ഞ് പോയതാണെന്നും മന്ത്രി വ്യക്തമാക്കി
അതേസമയം, ‘അർജന്റീന ടീം ആ കളി മറ്റൊരു സ്ഥലത്തേക്ക് വെച്ചിട്ടില്ല. പരിശീലനം എന്നാണ് അവർ അനൗൺസ് ചെയ്‌തതിരിക്കുന്നത്. അംഗോളയിൽ ഒരു കളിയും കേരളത്തിൽ ഒരു കളിയും എന്നാണ് തീരുമാനിച്ചിരുന്നത്’ എന്ന് മന്ത്രി പറഞ്ഞു. ‘ഫിഫയുടെ നിയമങ്ങൾ ലംഘിച്ചത് കൊണ്ടുള്ള പ്രശ്നമാണ്. ആ പ്രശ്‌നം പരിഹരിച്ചാൽ മത്സരം നടത്താം എന്നാണ് അവർ പറയുന്നത്. ഈ വിൻഡോയിൽ അംഗീകാരം ലഭ്യമായില്ലെങ്കിൽ അടുത്തതിൽ ശ്രമിക്കും’ എന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘ഫിഫ റാങ്കിങ്ങിൽ 50ൽ താഴെയുള്ള രണ്ട് ടീമുകൾ ആദ്യമായാണ് ഇന്ത്യയിൽ തന്നെ കളിക്കാൻ വരുന്നത്. അപ്പോൾ അതിൻ്റെ മാനദണ്ഡങ്ങൾ പാലിക്കണം’ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലക്ഷ്യം ഫുട്ബോളിൻ്റെ വളർച്ച
അന്താരാഷ്ട്ര സൗഹൃദ മത്സരം നടത്തുന്നതിലൂടെ കേരളത്തിൻ്റെ ഫുട്ബോളിൻ്റെ വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ആൻ്റോ അഗസ്റ്റിൻ പറഞ്ഞു. ഫിഫ നിലവാരത്തിലുള്ള രാജ്യാന്തര സ്റ്റേഡിയം ആക്കാനാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നത് തുടരുന്നത്. ‘നമ്മൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലിത്. ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. സർക്കാർ അത് കണ്ടിട്ടുണ്ട്’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം നടത്താൻ ആലോചിച്ചപ്പോൾ അത് ക്രിക്കറ്റ് സ്റ്റേഡിയം ആയതിനാൽ ഫീൽഡ് റഷ് ആണെന്ന പ്രതികരണം വന്നതിനാലാണ് കൊച്ചിയിലേക്ക് മത്സരവേദി മാറ്റിയത്. ‘വേണമെങ്കിൽ മെസി മാത്രമായി വരും. പക്ഷേ അത് നമ്മൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കേരളത്തിൻ്റെ കായിക മേഖലയ്ക്ക് ഗുണമില്ല. ഇപ്പോൾ വന്നിരിക്കുന്നത് ഒരു നെഗറ്റീവ് ന്യൂസ് അല്ല’ എന്നും കായിക മന്ത്രി കൂട്ടിച്ചേർത്തു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ആവശ്യമായ ഫിഫയുടെ അംഗീകാരം കൊച്ചി സ്റ്റേഡിയത്തിന് നേടിയെടുക്കാനാവില്ല എന്ന് കായിക പ്രേമികൾക്ക് നേരത്തെ തന്നെ വ്യക്തമായിരുന്നു. സ്പോൺസർമാരുടെ ഇപ്പോഴത്തെ വിശദീകരണം ഈ ആശങ്കകൾ ശരിവെക്കുന്നതാണ്.
നവംബറിൽ അർജന്റീനയുടെ ഏക മത്സരം അംഗോളയിലായിരിക്കുമെന്ന്’ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ഇത് നവംബർ 14 നാണ്. കൊച്ചിയിൽ അർജൻ്റീനയുടെ എതിരാളി ആകേണ്ടിയിരുന്ന ഓസ്ട്രേലിയക്ക് നവംബറിൽ വെനസ്വലേ, കൊളംബിയ എന്നിവരുമായി രണ്ട് മത്സരങ്ങളാണുള്ളത്. നവംബർ 14 ന് വെനസ്വലേയുമായും നവംബർ 18 ന് കൊളംബിയയുമായും അമേരിക്കയിലാണ് അവരുടെ മത്സരങ്ങൾ. അവകാശവാദങ്ങൾ ഒന്നൊന്നായ പൊളിഞ്ഞതോടെയാണ് മത്സരത്തിന് ഫിഫ അനുമതിയില്ലെന്ന് സ്പോൺസർ സമ്മതിച്ചത്.
രാജ്യാന്തര മത്സര നടത്തിപ്പിലെ തടസ്സങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Messi's Argentina tour to Kochi for a friendly match has been cancelled due to lack of FIFA approval; the sponsor confirms attempts for the March window.
#MessiKerala #ArgentinaTour #KochiFootball #FIFAApproval #SportsNews #AntoAugustine






