Mangalpady | പ്രതിഷേധങ്ങൾക്കൊടുവിൽ മംഗൽപാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് റിസാന സാബിർ ഓഫീസിലെത്തി; തിരിച്ചെത്തിയത് മാസങ്ങൾ നീണ്ട അവധിക്ക് ശേഷം; അവിശ്വാസ പ്രമേയത്തിൽ ഉറച്ച് അംഗങ്ങൾ
ഉപ്പള: (www.kasargodvartha.com) കുബനൂർ മാലിന്യ പ്ലാന്റിലെ അഴിമതി ആരോപണത്തിൽ മംഗൽപാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ഖദീജത് റിസാന സാബിറിൻറെ രാജി ആവശ്യപ്പെട്ട് ഭരണകക്ഷിയിൽ നിന്ന് തന്നെയുള്ള 13 അംഗങ്ങൾ നടത്തുന്ന പ്രതിഷേധത്തിനൊടുവിൽ റിസാന രണ്ട് മാസത്തെ അവധിക്ക് ശേഷം വ്യാഴാഴ്ച പഞ്ചായത് ഓഫിസിലെത്തി. ജില്ലാ മുസ്ലിം ലീഗ് കമിറ്റിയുടെ നിർദേശ പ്രകാരമാണ് ചുമതല ഏറ്റെടുക്കുന്നതെന്ന് പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചു.
എന്നാൽ മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ റിപോർടിന്മേൽ സംസ്ഥാന കമിറ്റി പിരിച്ചു വിട്ട മംഗൽപാടി പഞ്ചായത് മുസ്ലിം ലീഗ് കമിറ്റി, റിസാനയുടെ ഈ നിലപാടിൽ ശക്തമായ പ്രതിഷേധത്തിലാണ്. 13 അംഗങ്ങൾ ഉൾപെടെ പഞ്ചായത് മുസ്ലിം ലീഗ് കമിറ്റിയും, ആക്ഷൻ കമിറ്റികളും, പ്രദേശവാസികളും റിസാനയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിട്ടും ചില ലോബികളുടെ അഴിമതി നടപ്പിലാക്കാൻ പാർടി ജില്ലാ നേതൃത്വത്തിലെ ചിലർ ശ്രമിക്കുന്നതായി ആരോപിച്ച് അമർഷത്തിലാണ് മംഗൽപാടിയിലെ ഒരുപറ്റം മുസ്ലിം ലീഗ് പ്രവർത്തകർ.
31ന് അവിശ്വാസ പ്രമേയത്തിന് നോടീസ് നൽകിയ അംഗങ്ങൾ തങ്ങളുടെ നിലപാടിൽ നിന്നും ഒരിഞ്ച് പുറകോട്ട് പോകില്ലെന്നും, രാജിയിൽ കുറയാത്ത ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്ന ശക്തമായ അഭിപ്രായ പ്രകടനം നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരുകയാണ്. ഇതിനിടെ ഈ മാസം 27 ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ റിസാനയുടെ രാജി ആവശ്യപ്പെട്ടും, മാലിന്യ സംസ്കരണത്തിന് ബദൽ സംവിധാനം ഒരുക്കണമെന്നും, അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത് ഓഫീസിലേക്ക് മാർച് സംഘടിപ്പിക്കുകയാണ്.
വരും നാളുകളിൽ പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങളും, ബഹുജന സംഘടനകളും റിസാനയുടെ രാജി ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. ഇതിനിടെ ജില്ലാ മുസ്ലിം ലീഗ് കമിറ്റി അംഗങ്ങൾക്ക് രജിസ്റ്റർഡ് പോസ്റ്റിൽ അയച്ച വിപ് അംഗങ്ങൾ കൈപ്പറ്റാതെ തിരിച്ചയച്ചതും പാർടിയിലെ ഏകപക്ഷീയ നിലപാടിനോടുള്ള പ്രതിഷേധമായിട്ടാണ് പൊതുജനങ്ങൾ കാണുന്നത്. കോൺഗ്രസിൻ്റെ രണ്ട് അംഗങ്ങളും അവിശ്വാസ പ്രയേയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.








