Accident | ചെർക്കള - അട്ക്ക സ്ഥല റൂടിൽ വീണ്ടും അപകടം; പികപ് വാനിൽ ബസിടിച്ച് ഒരാൾ മരിച്ചു
Sep 26, 2023, 12:40 IST
കാസർകോട്: (www.kasargodvartha.com) ബദിയഡുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസും ഓടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചതിന്റെ നടുക്കം മാറും മുമ്പ് വീണ്ടും അപകടം. ചെർക്കള - അട്ക്ക സ്ഥല റൂടിൽ പികപ് വാനിൽ കർണാടക ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. അട്ക്കസ്ഥലയിൽ ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം നടന്നത്.
മണിയംപാറയിലെ പി എ മുസ്ത്വഫയാണ് മരിച്ചത്. പികപ് വാനിലുണ്ടായിരുന്ന രാമന്‍ എന്നയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന പികപ് വാനിന്റെ പിറകിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. മുസ്ത്വഫ വാഹനത്തിനകത്ത് കുടുങ്ങിയ അവസ്ഥയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പജിയാനയിലെ അബ്ദുർ റഹ്‌മാൻ - ഖദീജ ദമ്പതികളുടെ മകനാണ് മുസ്ത്വഫ. ഭാര്യ: ത്വാഹിറ. മക്കള്‍: സവാദ്, സാഹിദ്, റശീദ്, ശാഫ്‌ന, മുസൈന, ശംന, മുബീന. മരുമകന്‍: സാബിര്‍. സഹോദരങ്ങള്‍: സുബൈര്‍, അസീസ്, അശ്റഫ്, സുഹ്‌റ, സമീറ.