Obituary | റിമോട് കണ്‍ട്രോള്‍ ഉപയോഗിച്ച് തുറക്കുന്ന ഗേറ്റില്‍ കുടുങ്ങിയ 9 വയസുകാരന്‍ മരിച്ചതിന് പിന്നാലെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
വയോധികയുടെ മൂത്തമകന്റെ കുട്ടിയാണ് ആദ്യം മരിച്ചത്.
കുട്ടിക്ക് അപകടം നടക്കുന്ന സമയത്ത് ഗേറ്റ് ഉള്ള വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
സാങ്കേതികപരമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
മലപ്പുറം: (KasargodVartha) തിരൂര്‍ വൈലത്തൂരില്‍ പേരക്കുട്ടിയുടെ അപകടം അറിഞ്ഞതിന് പിന്നാലെ മുത്തശ്ശിയും വിടവാങ്ങി. അടുത്ത വീട്ടിലെ ഓടോമാറ്റിക് റിമോട് കണ്‍ട്രോള്‍ ഉപയോഗിച്ച് തുറക്കുന്ന ഗേറ്റില്‍ കുടുങ്ങി ഒമ്പതുവയസുകാരന്‍ മരിച്ച വിവരമറിഞ്ഞതിന് പിന്നാലെയാണ് വയോധികയും കുഴഞ്ഞുവീണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
ആസിയയുടെ മൂത്ത മകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകനാണ് വ്യാഴാഴ്ച (20.06.2024) മരണപ്പെട്ട മുഹമ്മദ് സിനാന്‍. ആസിയയുടെ മൃതദേഹം കോട്ടക്കല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച (21.06.2024) രാവിലെ പോസ്റ്റുമോര്‍ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ എന്ന കുട്ടിയാണ് നാടിനെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടത്. കുട്ടി വീടിന്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് അപ്പുറത്തേക്ക് പോവുകയായിരുന്നു. പെട്ടെന്ന് അപ്രതീക്ഷിതമായി ഗേറ്റ് വന്നടയുകയും ഗേറ്റിന്റെ ഇടയില്‍ കുടുങ്ങി കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു.
നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ ചേര്‍ന്ന് പരുക്കേറ്റ കുട്ടിയെ കോട്ടക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് ഗേറ്റ് ഉള്ള വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അതേസമയം, സാങ്കേതികപരമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.