Road Accident | മലപ്പുറത്ത് റോഡുപണിയ്ക്കായി എടുത്ത താഴ്ചയിലേക്ക് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്
*പരുക്കേറ്റവരെ പ്രദേശവാസികളും പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് പുറത്തിറക്കി വിവിധ ആശുപത്രികളിലേക്ക് മാറ്റി.
*കൂടുതല്‍ ആംബുലന്‍സുകളെത്തിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
*ചങ്ങരംകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
മലപ്പുറം: (KasargodVartha) തലപ്പാറയില്‍ ബസ് മറിഞ്ഞ് അപകടം. കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ദേശീയ പാത നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. 15 ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പ്രദേശവാസികളും പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് പുറത്തിറക്കി വിവിധ ആശുപത്രികളിലേക്ക് മാറ്റി.
വെള്ളിയാഴ്ച (12.04.2024) രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം. അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
രാത്രിയായതിനാല്‍ ഡ്രൈവര്‍ക്ക് കുഴി കാണാനാകാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ ആംബുലന്‍സുകളെത്തിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. റോഡുപണി നടന്നുവരുന്നതിനിടെ നിരവധി അപകടങ്ങളാണ് മേഖലയില്‍ ഈ അടുത്ത കാലത്തായി റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, മലപ്പുറത്ത് ചങ്ങരംകുളത്ത് പുലര്‍ചെ ഉണ്ടായ മറ്റൊരു അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരുക്കേറ്റു. ചങ്ങരംകുളം ടൗണ്‍ ഭാഗത്തേക്ക് വന്ന കാറും എതിര്‍ ദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. നാലുപേരെ ചങ്ങരംകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.