സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്; തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വളർമതി ഒന്നാം പ്രതി
● നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പ്രതിഷേധിച്ചാണ് വളർമതി തലമുണ്ഡനം ചെയ്തത്
● ഉദ്യോഗാർഥികളോട് സർക്കാർ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് സമര സമിതിയുടെ വിമർശനം
● വിദ്യാലയങ്ങളിലെ വിദ്യാർഥി - അധ്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു
● മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ റാങ്ക് ഹോൾഡേഴ്സ് തലസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിലാണ്
തിരുവനന്തപുരം: (KasargodVartha) സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പോലീസ് കേസെടുത്തു. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് ഉദ്യോഗാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സമരത്തിൽ പങ്കെടുത്ത തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസിൽ സമര സമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി.
സർക്കാരിനെതിരെ രൂക്ഷവിമർശനം
എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പ്രതികരണവുമായി സമരസമിതി നേതാവ് വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉദ്യോഗാർഥികളോട് കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് വളർമതി തല മുണ്ഡനം ചെയ്തത്.
എൽപിഎസ്ടി നിയമനങ്ങളിൽ തങ്ങൾക്കുവേണ്ടി നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് സർക്കാർ വ്യക്തമാക്കട്ടെയെന്ന് വളർമതി പ്രതികരിച്ചു. വിദ്യാലയങ്ങളിലെ വിദ്യാർഥി - അധ്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ്യത്തിൽ നിന്ന് ഉദ്യോഗാർഥികൾ പിന്നോട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തെ പൂർണമായും പിന്തുണച്ചവരാണ് ഭരണത്തിലെത്തിയപ്പോൾ ഇപ്പോൾ ഇങ്ങനെ പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് കൊല്ലം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോൾ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നതെന്നാണ് വിഷയത്തിൽ സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. സർക്കാരിൻ്റെ ഈ നിലപാടിനെതിരെയാണ് റാങ്ക് ഹോൾഡേഴ്സ് ശക്തമായ പ്രതിഷേധവുമായി തലസ്ഥാനത്ത് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: LPST rank holders booked for protest in front of Secretariat.
#LPSTStrike #PSCRankHolders #KeralaGovernment #TrivandrumNews #SecretariatProtest #KeralaPolitics #MalayalamNews #RenuNews






