city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കനത്ത മഴയ്ക്ക് സാധ്യത; കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 2, 3 തീയ്യതികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 02.06.2020) സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിന്റെ ഭാഗമായി വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേ തുടര്‍ന്ന് ജൂണ്‍ രണ്ടിന് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജൂണ്‍ മൂന്നിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാന്‍ തയ്യാറാകേണ്ടതാണ്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
കനത്ത മഴയ്ക്ക് സാധ്യത; കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 2, 3 തീയ്യതികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

ജൂണ്‍ രണ്ടിന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, ജൂണ്‍ മൂന്നിന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, ജൂണ്‍ നാലിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ജൂണ്‍ അഞ്ചിന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലും ജൂണ്‍ ആറിന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും, 2018, 2019ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും 'ഓറഞ്ച് ബുക്ക് 2020' ല്‍ വള്‍നറബിള്‍ ഗ്രൂപ്പില്‍ പെടുത്തിയവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്നഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാന്‍ തയ്യാറാവുകയും വേണം. പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jpg എന്ന ലിങ്കില്‍ ലഭ്യമാണ്

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ലും 2019 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളുടെ ഭൂപടം http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jpg എന്ന ലിങ്കില്‍ ലഭ്യമാണ്.

ഇത്തരം ആളുകള്‍ക്ക് വേണ്ടി സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തില്‍ ക്യാമ്പുകള്‍ തയ്യാറാക്കേണ്ട വിധവും നടത്തേണ്ട വിധവും എങ്ങനെയെന്ന് ഓറഞ്ച് ബുക്ക് 2020 ല്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

എമെര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍
അത്യാവശ്യം വേണ്ടുന്ന മരുന്ന്
മുറിവിന് പുരട്ടാവുന്ന മരുന്ന്
ടോര്‍ച്ച്
റേഡിയോ
വെള്ളം
ORS പാക്കറ്റ്
ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
ചീത്തയാവാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണം (ഉദാ: കപ്പലണ്ടി, ഉണക്ക മുന്തിരി, അല്ലെങ്കില്‍ ഈന്തപ്പഴം)
ചെറിയ ഒരു കത്തി
10 ക്ലോറിന് ടാബ്ലെറ്റ്
ഒരു ബാറ്ററി/പവര്‍ ബാങ്ക് അല്ലെങ്കില് ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
ബാറ്ററിയും, കോള്‍ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍
അത്യാവശ്യം കുറച്ച് പണം,
എ ടി എം,പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍.
തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക.

എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തില്‍ ആരെയും കാത്ത് നില്‍ക്കാതെ എമെര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍

-ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
-മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാലല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍നിര്‍ത്തരുത്.
-മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
-ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്.
-പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കലും കാഴ്ച കാണലും കൂട്ടം കൂടലും ഒഴിവാക്കുക.
-പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
-ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക.
-ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.
-ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
-ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക
-ജില്ലാ എമെര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍-1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് എസ് ടി ഡി കോഡ് ചേര്‍ക്കുക
-പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.
-വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
-വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക.
-വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക് പൊതുവില്‍ നീന്താന്‍ അറിയുമെന്നോര്‍ക്കുക.
-വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക.
-താഴ്ന്ന പ്രദേശത്തെ ഫ്‌ലാറ്റുകളില്‍ ഉള്ളവര്‍ ഫ്‌ലാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.
-രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നനല്‍കുവാന്‍ പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക.
-ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാല്‍ പരമാവധി പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.

മഞ്ഞ, ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ ഓരോ സര്‍ക്കാര്‍ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 'ഓറഞ്ച് പുസ്തകം 2020' ല്‍ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിലെ https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-2.pdf എന്ന ലിങ്കില്‍ ലഭ്യമാണ്. മഴ മുന്നറിയിപ്പുകള്‍ സംബന്ധിച്ചുള്ള പൊതു വിവരങ്ങള്‍ക്ക് അധ്യായം ഒന്ന് കാണുക. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് അധ്യായം അഞ്ച് ആശ്രയിക്കുക. കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.


Keywords: Kasaragod, Kerala, News, Rain, District, Likely to heavy rain; Orange zone announced in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia