Rescue Mission | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; മൂന്നാം ദിനത്തിലെ രക്ഷാദൗത്യപ്രവര്‍ത്തനത്തിനായി സൈനികര്‍ പുറപ്പെട്ടു; ബെയ്ലി പാലം അവസാനഘട്ടത്തില്‍

പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.
240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരമില്ല.
കല്‍പ്പറ്റ: (KasargodVartha) വയനാട്ടിലെ മുണ്ടക്കൈയിലും (Mundakai) ചൂരല്‍മലയിലുമുണ്ടായ Chooralmala) ഉരുള്‍പൊട്ടല്‍ (Landslide) ദുരന്തത്തില്‍ മൂന്നാം ദിനവും രക്ഷാദൗത്യം (Rescue Operations) തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം (Army) മുണ്ടക്കൈ ഭാഗത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഇവര്‍ക്കൊപ്പം ഡോഗ് സ്‌ക്വാഡും (Dog Squad) ഉണ്ട്. ബുധനാഴ്ച (31.07.2024) രാത്രിയില്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനമാണ് വ്യാഴാഴ്ച (01.08.2024) രാവിലെയോടെ വീണ്ടും പുനരാരംഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് വിരമിച്ച മേജര്‍ ജെനറല്‍ ഇന്ദ്രബാലന്റെ (Major General Indrabalan) സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് 1167 പേരെയാണ് നിലവില്‍ നിയോഗിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നാവികസേനയും രംഗത്തുണ്ട്. കേരള പൊലീസിന്റെ കഡാവര്‍ നായകളും തിരച്ചിലിനുണ്ട്. അതേസമയം, മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കും.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. വ്യാഴാഴ്ച രാവിലെയോടെ മരണം 264 ആയി ഉയര്‍ന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ടെങ്കിലും ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. നിലവില്‍ പാല നിര്‍മാണം അവസാനഘട്ടത്തിലാണ്. ഉച്ചയ്ക്ക് മുമ്പ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ജില്ലയില്‍ അതിതീവ്ര മഴ സാഹചര്യത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മണ്ണലടിഞ്ഞ ജീവന്റെ തുടിപ്പുകള്‍ തേടി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇനിയും 240 പേരെ കുറിച്ച് യാതൊരു വിവരവുമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.
മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇതുവരെ 98 മൃതദേഹങ്ങള്‍ കണ്ടെത്തി. 75 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേര്‍ ദുരിതാശ്വാസ കാംപുകളിലാണ്.
ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ്‍ സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഉച്ചയ്ക്ക് മുന്‍പ് പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളില്‍ ഇരുമ്പ് തകിടുകള്‍ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങള്‍ക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.
അതിനിടെ വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ്
പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ 52 റീടെയില്‍ സ്റ്റോറുകളില്‍ കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവര്‍ക്ക് ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കും.