Fire | കുവൈറ്റ് തീപ്പിടുത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന ഓർമപ്പെടുത്തലുമായി വിവരാവകാശ പ്രവർത്തകൻ; 2277 വൻകിട കെട്ടിടങ്ങളിൽ പകുതിയെണ്ണത്തിനും അഗ്നിരക്ഷാ സംവിധാനങ്ങൾ ഇല്ല
അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം
കാസർകോട്: (KasargodVartha) കുവൈറ്റ് തീപ്പിടുത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന ഓർമപ്പെടുത്തലുമായി വിവരാവകാശ പ്രവർത്തകൻ ചീമേനി നെടുമ്പയിലെ ശിൽപരാജ്. കേരളത്തിലെ 2277 വൻകിട കെട്ടിടങ്ങളിൽ പകുതി കെട്ടിടങ്ങൾക്കും അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിൽ പറയുന്നതെന്ന് ശിൽപരാജ് കാസർകോട് വാർത്തയോട് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ അഗ്നിരക്ഷാ നിലയങ്ങളുടെയും പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്കും അഗ്നിരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ്, കേരളത്തിലെ അഗ്നിരക്ഷ തൽസ്ഥിതി ആരാഞ്ഞ് 2016ൽ നൽകിയ വിവരാവകാശ അപേക്ഷയിൽ വ്യക്തമാക്കുന്നത്. 2024 ലെങ്കിലും ഇത് പാലിക്കപ്പെടുമോയെന്ന് ആരാഞ്ഞ് കൊണ്ട് ശിൽപരാജ് മുഖ്യമന്ത്രിക്കും ചീഫ് സെക്രടറിക്കും, അഗ്നിരക്ഷാ ഡയറക്ടർക്കും അയച്ച നിവേദനത്തിൽ ചോദിക്കുന്നു.
കേരള അഗ്നിരക്ഷാ വകുപ്പിന്റെ നിർദേശം (G1-6183/15 Dtd. 08.03.2016) അനുസരിച്ച് വിഷയത്തിൽ പരാമർശിച്ച പ്രകാരം സംസ്ഥാനത്ത് ഒട്ടുമിക്ക കെട്ടിടങ്ങളിലും 2016 ലെ നിർദേശം 2024 ആയിട്ടും, അതായത് എട്ട് വർഷം കഴിഞ്ഞിട്ടും യഥാക്രമം ഉറപ്പുവരുത്തിയിട്ടില്ല എന്നത് ദൗർഭാഗ്യകരമായ വസ്തുതയാണെന്ന് വിദ്യാർഥിയും അഴിമതി വിരുദ്ധ വിഭാഗം കൺവീനറുമായ യുവാവ് പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭ്യമായിട്ടുള്ള രേഖകളിൽ നിന്നും ഇക്കാര്യങ്ങൾ വ്യക്തമാണെന്ന് ശിൽപരാജ് ചൂണ്ടിക്കാട്ടി.
നാളിതുവരെ എം വി ശില്പരാജ് ക്രോഡീകരിച്ച 28 അഗ്നിരക്ഷാ നിലയങ്ങളുടെ മറുപടി കത്തുകളിൽ മൊത്തം 2277 വൻകിട കെട്ടിടങ്ങളാണുള്ളത്. എന്നാൽ ഇതിൽ വെറും 1294 കെട്ടിടങ്ങളിൽ മാത്രമാണ് അഗ്നിരക്ഷാ ഡയറക്ടറുടെ നിർദേശം പാലിക്കപെട്ടിട്ടുണ്ടെന്ന് പറയുന്നത്. അതായത് ലഭ്യമായിട്ടുള്ള കണക്കിൽ 983 കെട്ടിടങ്ങളിൽ നിർദേശ പ്രകാരമുള്ള യാതൊരു സുരക്ഷാ സംവിധാനങ്ങളില്ല. ഈ 2277 കെട്ടിടങ്ങളിൽ 614 കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇതിൽ 247 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് കുറഞ്ഞ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്നത്.
ഗൗരവകരമായ വസ്തുതയുടെ അടിസ്ഥാനത്തിലും, നിർദേശം പുറപ്പെടുവിച്ചിട്ട് എട്ട് വർഷം കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം, എല്ലാ കെട്ടിടങ്ങളിലും അടിയന്തര പ്രാധാന്യത്തോടെ കൂടി നിശ്ചിത സമയപരിധിക്കുള്ളിൽ അഗ്നി രക്ഷാ സംവിധാനം പരിപൂർണമായി പാലിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യുവാവ് മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെടുന്നത്.