Accidental Death | കുമരകം റോഡില്‍ നിയന്ത്രണം വിട്ട കാറും ബൈകും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പിഞ്ചുകുട്ടികള്‍
കുമരകം: (www.kasargodvartha.com) കോട്ടയം കുമരകം റോഡില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കുടവെച്ചൂര്‍ കിടങ്ങലശേരി ജെഫിന്‍ കെ പോള്‍ (36), ഭാര്യ സുമി രാജു (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് കൈപ്പുഴമുട്ട് പാലത്തിനും ചീപ്പുങ്കല്‍ പാലത്തിനും ഇടയിലാണ് സംഭവം.
നിയന്ത്രണം വിട്ട കാര്‍ ബൈകുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബൈകില്‍ ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന മൂത്ത മകന്‍ ആല്‍ഫിന്‍ (4) വലത് കാല്‍ ഒടിഞ്ഞ് കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയിലാണ്. മകള്‍ ആല്‍ഫിയയ്ക്ക് (ഒരു വയസ്) പരിക്കില്ല.
കുമരകം ഭാഗത്തുനിന്നു വന്ന ബൈകില്‍ കൈപ്പുഴമുട്ട് പാലം കടന്നുവന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ജെഫിനും സുമിയും മക്കളും റോഡിലേക്ക് തെറിച്ചു വീണു. കുമരകം പൊലീസെത്തി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ജെഫിനും സുമിയും മരിച്ചു.
ജെഫിന്‍ ഒരു വര്‍ഷമായി മല്ലപ്പള്ളിയിലെ സുമിയുടെ വീട്ടിലാണ് താമസം. ജെഫിന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് വെച്ചൂരിലേക്ക് വന്നത്. കാറില്‍ ഡ്രൈവര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഡ്രൈവറെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Keywords: news,Kerala,State,Accident,Bike-Accident,Accidental-Death,Top-Headlines, Injured, Kumarakom: Couples died in an accident