Leadership | കെ സി രണ്ടും കൽപ്പിച്ച്; നോമിനിയെ കെപിസിസി പ്രസിഡണ്ടാക്കാനും ചരടുവലി

● കെ സുധാകരന്റെ പകരക്കാരനെ കുറിച്ച് കോൺഗ്രസിൽ ചർച്ചകൾ ചൂടുപിടിക്കുന്നു
● സ്വന്തക്കാർക്കായി തന്ത്രങ്ങളുമായി നേതാക്കൾ
● യൂത്ത് കോൺഗ്രസ് നേതാക്കളും പുതിയ പേരുകൾ മുന്നോട്ടുവയ്ക്കുന്നു
● രാഹുലിനെയും പ്രിയങ്കയെയും നേരിട്ട് അറിയിക്കാനും നീക്കം
എം എം മുഹ്സിൻ
തിരുവനന്തപുരം: (KasargodVartha) കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അടുത്തെങ്ങും ഉണ്ടാവില്ലെന്ന തിരിച്ചറിവ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കളംമാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. കെപിസിസി പുനഃസംഘടനയിൽ കണ്ണുംനട്ടാണ് നേതാക്കളുടെ കരുനീക്കം. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രതിപക്ഷനേതാവ് വിഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തുന്ന നീക്കങ്ങളെ തടയിടാൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ടുണ്ട്.
തർക്കങ്ങൾ രൂക്ഷമാക്കി ഹൈക്കമാന്റിന് മുന്നിലെത്തിച്ചു അതിനിടയിൽ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനാണ് ഇരു നേതാക്കളുടെയും ശ്രമം. ഇത് കെസി വേണുഗോപാലിന് മുഖ്യമന്ത്രി കസേരയിലേക്കുള്ള വഴിയൊരുക്കലാവുമെന്നും കണക്കുകൂട്ടുന്നുണ്ട്. വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്ല പ്രതിപക്ഷ നേതാക്കളാണെന്നും മുഖ്യമന്ത്രി ചർച്ച ഇപ്പോൾ വേണ്ടെന്നുമുള്ള കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്.
കെപിസിസി പ്രസിഡണ്ട് തന്നെ മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യത്തിന് പറയേണ്ട സമയത്ത് ഞാൻ ഇതിനു മറുപടി നൽകുമെന്നും കെ സുധാകരൻ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞതും ശ്രദ്ധേയമാണ്. കെപിസിസി പുനഃസംഘടന വേഗത്തിൽ വേണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തോടൊപ്പമാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും. കെ സുധാകരൻ മാറിയാൽ പകരക്കാരനാര് എന്ന നിലയിൽ ഒരുപാട് പേരുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇതിൽ കെസി വേണുഗോപാലിന്റെ നോമിനിയുമുണ്ടെന്ന് പറയുന്നു.
വിഡി സതീശനും, രമേശ് ചെന്നിത്തലയും, കെ സുധാകരനും, കെസി വേണുഗോപാലും, കെ മുരളീധരനുമടങ്ങുന്ന നേതൃത്വ നിരയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം പറയേണ്ടത്. ഈ നേതാക്കളുടെ അഭിപ്രായമായിരിക്കും ഹൈക്കമാൻഡ് കേൾക്കുക. അതുകൊണ്ടുതന്നെ ഈ നേതാക്കളുടെ നോമിനിയായി വരാനാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ശ്രമിക്കുന്നതും. എല്ലാവരുടെ മനസ്സിലും നോമിനിയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് പുറത്തായാൽ വലിയ കോലാഹലം സൃഷ്ടിക്കുമെന്നതിനാൽ കാത്തിരുന്ന് കാണാം എന്ന സമീപനമാണ് നേതാക്കൾക്കുള്ളത്.
അതേസമയം യൂത്ത് കോൺഗ്രസ് നേതാക്കളും, യുവ എംഎൽഎമാരും കൂടി കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ചില പേരുകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും സ്വീകാര്യവുമാണ്. ഈ വിഷയം നേരിട്ട് രാഹുലിനെയും, പ്രിയങ്കയെയും അറിയിക്കാനുള്ള ശ്രമത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ. അതിനിടെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയാൽ അദ്ദേഹത്തിന് പിന്നെ എന്ത് സ്ഥാനമാണ് ലഭിക്കുക എന്നതും തർക്ക വിഷയമാണ്.
ഇതിനുള്ള ഉത്തരമാണ് കെ സുധാകരൻ ഞായറാഴ്ച മാധ്യമങ്ങളോട് തുറന്നു പറഞ്ഞതെന്ന് കോൺഗ്രസ് നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം തന്നെയാണ് കെ സുധാകരനും ലക്ഷ്യമിടുന്നത്. എങ്ങിനെയെങ്കിലും തർക്കം രൂക്ഷമാക്കി വിഷയം ഹൈക്കമാൻഡിലേക്ക് എത്തിക്കാനായാൽ അത് തനിക്ക് അനുകൂലമായി വരുമെന്ന് കെസി വേണുഗോപാലും കണക്കുകൂട്ടുന്നുണ്ട്. അതിനായാണ് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് തന്റെ നോമിനിക്ക് വേണ്ടിയും കെസി വേണുഗോപാൽ കരുക്കൾ നീക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Kerala Congress leaders are engaged in a tug-of-war over the KPCC reorganization. Strategies between K Sudhakaran and K.C. Venugopal, and talks about leadership positions dominate the party discussions.
#KeralaCongress, #KPCCRestructure, #KCVenugopal, #Sudhakaran, #CongressLeadership, #KeralaPolitics