Accidental Death | നിയന്ത്രണംവിട്ട വാന്‍ ഇടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു

*കാലിനും, തലയ്ക്കും ഗുരുതര പരുക്കേറ്റ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
*കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
*പെണ്‍കുട്ടി റോഡരികിലൂടെ നടന്നുപോവുകയായിരുന്നു.
കോഴിക്കോട്: (KasargodVartha) നിയന്ത്രണംവിട്ട പികപ് വാന്‍ ഇടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. കല്ലാച്ചിചിയ്യൂര്‍ പാറേമ്മല്‍ ഉണ്ണികൃഷ്ണന്‍ - ശ്രീലേഖ ദമ്പതികളുടെ മകള്‍ ഹരിപ്രിയ (20) ആണ് മരിച്ചത്. കല്ലാച്ചി മിനി ബൈപാസ് റോഡരികില്‍വെച്ചാണ് അപകടം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. വാണിമേല്‍ ഭാഗത്തുനിന്ന് വന്ന ഗാസ് സിലിന്‍ഡര്‍ കയറ്റി വന്ന കല്ലാച്ചിയിലി ഹൈമ ഗാസ് ഏജന്‍സിലെ ലോറിയാണ് വിദ്യാര്‍ഥിനിയെ ഇടിച്ചത്. കാലിനും, തലയ്ക്കും ഗുരുതരമായി പരുക്കേറ്റ ഹരിപ്രിയ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്.
അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥികളെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡരികിലെ വൈദ്യുതി തൂണിലിടിച്ചാണ് വണ്ടിനിന്നത്. വൈദ്യുതി തൂണിനും വാഹനത്തിനും ഇടയില്‍ കുരുങ്ങിക്കിടന്ന ഹരിപ്രിയയെ പ്രദേശവാസികളാണ് പുറത്തെടുത്തത്. അപകടത്തില്‍ പരുക്കേറ്റ എഴുത്തുപള്ളി പറമ്പത്ത് അമയ (20) ചികിത്സയിലാണ്.