Kozhikode Landslides | കോഴിക്കോട് വാണിമേല്‍ പഞ്ചായതില്‍ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി; 12 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി

താമരശ്ശേരി ചുരം പാതയില്‍ റോഡില്‍ വിള്ളല്‍.
ചുരത്തിലൂടെയുള്ള ഭാരവാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പെടുത്തി.
2 പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു.
കോഴിക്കോട്: (KasargodVartha) വാണിമേല്‍ (Vanimel) പഞ്ചായതിലെ വിലങ്ങാട് (Vilangad) ഉണ്ടായ ഉരുള്‍പൊട്ടലില്‍ (Landslide) ഒരാളെ കാണാതായി (Missing). ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാന്‍ ഇറങ്ങിയ കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായിയെയാണ് കാണാതായത്. പ്രദേശത്തെ 12 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി (Washed Away). രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ന്നു.
വിലങ്ങാട് ടൗണില്‍ കടകളില്‍ വെള്ളം കയറി. നിരവധി കടകളും രണ്ട് പാലങ്ങളും തകര്‍ന്നു. ഇതോടെ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. പുഴ കടന്ന് പോകുന്ന അഞ്ച് കിലോമീറ്റര്‍ വ്യാപ്തിയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി.
കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിന്റെ വടക്കന്‍ മേഖലകളായ വാണിമേല്‍ പഞ്ചായതിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂര്‍, പന്നിയേരി മേഖലകളില്‍ തുടര്‍ച്ചായി ഒന്‍പത് തവണ ഉരുള്‍പൊട്ടിയത്. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലില്‍ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നതോടെ ഇതിന്റെ തീരത്തെ 12 വീടുകളാണ് ഒലിച്ചുപോയത്. എന്‍ഡിആര്‍എഫും (NDRF) അഗ്നിരക്ഷാസേനയും (Fire Force) സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
അതിനിടെ താമരശ്ശേരി ചുരം പാതയില്‍ (Thamarassery Pass Road) റോഡില്‍ 10 മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ഭാരവാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവില്‍ റോഡിന്റെ ഇടതുവശത്തോട് ചേര്‍ന്ന് കലുങ്കിനടിയിലൂടെ നീര്‍ച്ചാല്‍ ഒഴുകുന്ന ഭാഗത്തിന് സമീപത്തായാണ് ദേശീയപാതയില്‍ നീളത്തില്‍ വിള്ളല്‍ (Crack) പ്രകടമായത്.
തുടര്‍ന്ന് റോഡ് ഇടിയുന്ന സാഹചര്യമൊഴിവാക്കാന്‍ പൊലീസ് ഈ ഭാഗത്ത് ബാരികേഡ് സ്ഥാപിച്ചു. പിന്നീട് വലതുവശത്ത് കൂടി ഒറ്റവരിയായാണ് രാത്രി വാഹനങ്ങള്‍ കടത്തിവിട്ടത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായമെത്തിക്കുന്നതിനും ഗതാഗതത്തിനുമുള്ള പ്രധാനപാതയായതിനാല്‍ ചുരമിടിച്ചില്‍ സാധ്യത ഒഴിവാക്കാന്‍ ചൊവ്വാഴ്ച (30.07.2024) രാത്രി എട്ടുമണി മുതല്‍ ചുരംകയറുന്ന ഭാരവാഹനങ്ങള്‍ക്കും വലിയ വാഹനങ്ങള്‍ക്കും നിരോധനമേര്‍പെടുത്തി. ലോഡ് കയറ്റി വന്ന ലോറികള്‍ അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്.