Rajindra Kumar | കാര്‍ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ ഇനി ഓര്‍മച്ചിത്രം; വിടവാങ്ങിയത് കാരികേചറുകള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള പ്രതിഭ
Dec 25, 2023, 19:06 IST
കണ്ണൂര്‍: (KasargodVartha) കാര്‍ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ ഇനി ഓര്‍മച്ചിത്രം. കാര്‍ടൂണുകള്‍ക്കും കാരികേചറുകള്‍ക്കും അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള പ്രതിഭയാണ് വിടവാങ്ങിയത്. മാതൃഭൂമി ദിനപത്രത്തിലെ ആക്ഷേപഹാസ്യവും കുറിക്കുകൊളളുന്ന നര്‍മഭാവനയും വിരിയുന്ന 'എക്സിക്കുട്ടന്‍' കാര്‍ടൂണ്‍ പംക്തി വരച്ചിരുന്നത് രജീന്ദ്രകുമാറാണ്.
2022-2023 എന്നീ കാലയളവില്‍ അന്താരാഷ്ട്ര കാര്‍ടൂണ്‍ മത്സരങ്ങളില്‍ രജീന്ദ്രകുമാര്‍ പുരസ്‌കാരം നേടിയിരുന്നു. രണ്ടുമാസം മുന്‍പ് ഈജിപ്തിലെ അല്‍ അസര്‍ ഫോറം നടത്തിയ രണ്ടാമത് കാര്‍ടൂണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. വിവിധ വിദേശരാജ്യങ്ങളിലെ പ്രദര്‍ശനങ്ങളിലും അദ്ദേഹത്തിന്റെ കാര്‍ടൂണുകള്‍ ഇടം നേടിയിട്ടുണ്ട്.
മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്. 59 കാരനായ രജീന്ദ്രകുമാര്‍ തിങ്കളാഴ്ച (25.12.2023) വൈകിട്ടാണ് അന്തരിച്ചത്. കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശിയും മുന്‍ മാതൃഭൂമി ജീവനക്കാരനുമായ കെ ടി ഗോപിനാഥന്റെയും സി ശാരദയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: മാളവിക, ഋഷിക.