HC Order | പാമ്പാടിയിലെ ബ്ലേഡ് മാഫിയ ആക്രമണ കേസില്‍ പൊലീസിന് തിരിച്ചടി; പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
ഇരുവര്‍ക്കുംവേണ്ടി പ്രമുഖ ഹൈകോടതി അഭിഭാഷകനായ ഡോ. ജോര്‍ജ് തേരകക്കുഴിയിലും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ജോണി ജോര്‍ജ് പാംമ്പ്‌ലാനിയും ഹാജരായി.
പല വ്യക്തികളെയും കൊണ്ട് പ്രതികള്‍ക്കെതിരെ കള്ള പരാതി നല്‍കി.
കോട്ടയം: (KasargodVartha) പലിശ നല്‍കാത്തതിന്റെ പേരില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ എല്ലാ പ്രതികളുടെയും അറസ്റ്റ് ഹൈകോടതി തടഞ്ഞു. ഈ കേസില്‍ പ്രതികളും പരാതിക്കാരനും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹൈകോടതിയില്‍ കേസ് റദ്ദാക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ഇരുകൂട്ടരുടെയും അഭിഭാഷകര്‍ കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസ് പരിഗണിച്ച കോടതി പ്രതികളുടെ അറസ്റ്റ് തടയുകയും ഇനി കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതുവരെ യാതൊരു നിയമനടപടികളും പ്രതികള്‍ക്കുനേരെ എടുക്കരുതെന്നും ഉത്തരവിടുകയായിരുന്നു. ഇരുവര്‍ക്കുംവേണ്ടി പ്രമുഖ ഹൈകോടതി അഭിഭാഷകനായ ഡോ. ജോര്‍ജ് തേരകക്കുഴിയിലും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ജോണി ജോര്‍ജ് പാംമ്പ്‌ലാനിയും ഹാജരായി.
ഇനി ഈ കേസന്വേഷണവുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്നും കേസ് ഒത്തുതീര്‍പ്പാക്കിയെന്നുമുള്ള വാദി ഭാഗത്തിന്റെ നോടറി ചെയ്ത സത്യവാങ്മൂലം പാമ്പാടി പൊലീസ് സ്റ്റേഷനില്‍ കൊടുക്കുകയും അത് എസ് എച് ഒ ഒപ്പിട്ട് സീല്‍ ചെയ്ത് രേഖയും, വാദി ഭാഗത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
പരാതി പിന്‍വലിക്കരുതെന്നും ആ പരാതിയുമായി മുന്നോട്ടുപോകണമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന കാര്യവും അനാവശ്യമായി വീട്ടില്‍ വന്ന് ശല്യപ്പെടുത്തുകയും വീട്ടില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ എടുത്തുകൊണ്ടുപോയ കാര്യവും വാദിയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിക്കുകയും ചെയ്തു. കൂടാതെ ഇരുകൂട്ടരും ചേര്‍ന്നുള്ള സാമ്പത്തിക ഇടപാട് ഒരു ബിസിനസിന്റെ ഭാഗമാണെന്നും പൊലീസ് അതിനെ ഒരു ബ്ലേഡ് മാഫിയ കേസാക്കി മാറ്റിയെന്നും കോടതിയില്‍ വാദിച്ചു.
പ്രതികള്‍ക്ക് ബ്ലേഡ് മാഫിയുമായി ഒരു ബന്ധമില്ലെന്നും ബിസിനസ് സംബന്ധമായ സാമ്പത്തിക ഇടപാടിനെ പൊലീസ് ബ്ലേഡ് മാഫിയയാക്കി ചിത്രീകരിച്ചുവെന്നും പല വ്യക്തികളെയും കൊണ്ട് പ്രതികള്‍ക്കെതിരെ വീണ്ടും നിര്‍ബന്ധിച്ച്, കള്ള പരാതി കൊടുക്കുന്നതിനും മാധ്യമ വാര്‍ത്തകള്‍ കൊടുത്ത് അവരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതിനുമാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
പ്രതികള്‍ക്ക് വാഹന വില്പനയും വാടകയ്ക്ക് കൊടുക്കുന്ന ബിസിനസുമാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം വീട്ടില്‍ നിന്ന് പിടിച്ചെടുത്ത്, അതുവച്ച് മണി ലെന്‍ഡിംഗ് ആക്ടിന് എതിരാണെന്നും വരുത്തി തീര്‍ക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്നും യാതൊരു ബന്ധമിവുല്ലാത്ത വ്യക്തികളെ ഈ കേസില്‍ പ്രതികള്‍ ആക്കിയെന്നും അതുകൊണ്ടാണ് ഒമ്പതാം പ്രതിയെ അറസ്റ്റ് ചെയ്ത അന്നുതന്നെ കോടതി ജാമ്യത്തില്‍ വിട്ടതെന്നും ഹൈകോടതിയെ ധരിപ്പിച്ചു.
ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ മനസിലാക്കിയ കോടതി, കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്ന തീയതിവരെ പ്രതികളുടെ അറസ്റ്റ് തടയുകയും അവര്‍ക്കെതിരെ യാതൊരുവിധ നിയമ നടപടികളും ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്നും ഉത്തരവിടുകയുമായിരുന്നു.