Found | ആശ്വാസം: ഓയൂരില്‍ കാണാതായ 6 വയസുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്തി; ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍; കുട്ടിയെ തിരിച്ചറിഞ്ഞത് മാധ്യമങ്ങളില്‍ കണ്ട ചിത്രങ്ങള്‍ വഴിയാണെന്ന് നാട്ടുകാര്‍
കൊല്ലം: (KasargodVartha) ഓയൂര്‍ മരുതമണ്‍പള്ളിയില്‍ നിന്ന് കാണാതായ ആറുവയസുകാരിയായ അബിഗേല്‍ സാറ റെജിയെ കണ്ടെത്തി. ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. ആശ്രാമം മൈതാനത്ത് തനിച്ചായ കുഞ്ഞിനെ പാര്‍കിലെത്തിയവരാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആളുകള്‍ കുഞ്ഞിനോട് വിവരം തിരക്കുകയായിരുന്നു. നാട്ടുകാര്‍ ഫോണില്‍ രക്ഷിതാക്കളുടെ ഫോടോ കാണിച്ചത് കുഞ്ഞ് തിരിച്ചറിഞ്ഞയുടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കണ്ട ചിത്രങ്ങളാണ് കുഞ്ഞിനെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു. നീണ്ട 20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. പൊലീസുകാര്‍ കൊല്ലം കമീഷനര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോകും. നിലവില്‍ കൊല്ലം ഈസ്റ്റ് പൊലീസിന്റെ ഒപ്പമാണ് കുട്ടിയുള്ളത്. കുട്ടി അവശനിലയിലാണ്. കുട്ടിക്ക് പൊലീസുകാര്‍ ബിസ്‌കറ്റും വെള്ളവും കൊടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ ശേഷം ചൊവ്വാഴ്ച (29.11.2023) വൈകുന്നേരത്തോടെ തന്നെ കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം തിങ്കളാഴ്ച (28.11.2023) വൈകീട്ട് 4.45 മണിയോടെയാണ് അബിഗേല്‍ സാറ റെജിയെ കാണാതായത്. വെള്ള നിറത്തിലുള്ള ഹോന്‍ഡ അമയിസ് കാറില്‍ പ്രതികള്‍ കുട്ടിയെ കയറ്റിക്കൊണ്ട് പോയതാണെന്ന് പൊലീസ് പറഞ്ഞു. അബിഗേലിന്റെ സഹോദരന്‍ ജോനാഥനൊപ്പം സ്‌കൂള്‍വിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. ഓയൂര്‍ പൂയപ്പള്ളി മരുതമണ്‍ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറില്‍ കാത്തുനിന്നവര്‍ ഇരുവരെയും ബലമായി പിടിച്ച് കാറില്‍ കയറ്റി. അമ്മയ്ക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പര്‍ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. കാറിന്റെ വാതില്‍ അടക്കുന്നതിനിടെ യോനാഥന്‍ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്കാണ് വിളി വന്നത്. അപരിചിത നമ്പറില്‍ നിന്ന് വിളിച്ചവര്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് മറ്റൊരു ഫോണില്‍നിന്ന് വിളിച്ചാണ് കുട്ടി സുരക്ഷിതയാണെന്നും നാളെരാവിലെ 10 മണിയോടെ 10 ലക്ഷം രൂപ തന്നാല്‍ കുട്ടിയെ തിരികെ ഏല്‍പിക്കാമെന്നും പറഞ്ഞത്.
അതേസമയം സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ വാഷിംഗ് സെന്റര്‍ ജീവനക്കാരായ രണ്ടുപേരെയാണ് ശ്രീകണ്ടേശ്വരത്തു നിന്ന് കസ്റ്റഡിയിലെടുത്തത്. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണിതെന്ന് പൊലീസ് പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഇവരുടെ പങ്ക് സ്ഥിരീകരിച്ചിട്ടല്ലെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
Keywords: News, Kerala, Kerala News, Police, Crime, Found, Girl, Missing, Oyoor, Police Custody, Girl Missing, Incident of 6 year old girl's missing; Two in Police custody.