city-gold-ad-for-blogger

ഭക്ഷണം കഴിക്കുന്നതിനിടെ വീടിനുള്ളിൽ ഇടിമിന്നലേറ്റു; അമ്മയ്ക്കും 5 വയസ്സുകാരനും ഗുരുതര പരിക്ക്

 Image Representing Mother and 5-year-old son severely injured in lightning strike in Kollam
Representational Image Generated by Meta AI

● ശാസ്താംപൊയ്ക സ്വദേശി ശ്രീദേവി, മകൻ ആദിദേവ് എന്നിവർക്കാണ് പരിക്കേറ്റത്
● ശരീരമാസകലം പൊള്ളലേറ്റ കുഞ്ഞിനെയും അമ്മയെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി
● മിന്നലാഘാതത്തിൽ വീടിൻ്റെ ചുവരും കിണറും തകർന്നു, വയറിങ് പൂർണമായും കത്തിനശിച്ചു

കൊല്ലം: (KasargodVartha) വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. കൊല്ലം നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിൻ്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് മിന്നലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2026 ഒക്ടോബർ 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ ഈ ഭാഗത്ത് മഴയുണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞതോടെ മഴ നേരിയ തോതിൽ ശമിച്ചെങ്കിലും ശക്തമായ ഇടിയും മിന്നലുമുണ്ടായി.

അടുക്കളയിൽ വെച്ചുണ്ടായ അപകടം

ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം നടന്നത്. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭർതൃ മാതാവ് നന്ദിനിയും വീടിൻ്റെ മുൻവശത്തെ മുറിയിൽ ഒപ്പമിരുന്ന് ആഹാരം കഴിക്കുകയായിരുന്നു. ഇതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയ സമയത്താണ് ശക്തമായ ഇടിയും മിന്നലും ഉണ്ടായത്. ശബ്ദം കേട്ട് നന്ദിനിയും മറ്റു മക്കളും അടുക്കള ഭാഗത്തേക്ക് ഓടിയെത്തിയപ്പോൾ അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് കണ്ടത്.

എസ്എടി ആശുപത്രിയിലേക്ക് മാറ്റി

ഇവരുടെ ബഹളം കേട്ട് അയൽവാസികളും അവിടേക്ക് എത്തി. ഇരുവരെയും ആദ്യം നെടുമ്പന ടിബി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ കുഞ്ഞിൻ്റെ നില ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. അമ്മയെയും കുഞ്ഞിനൊപ്പം ഇതേ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവരുടെയും ശരീരത്ത് പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിൻ്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്.

വൻ നാശനഷ്ടം

മിന്നലാഘാതത്തിൽ വീട്ടിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. വീടിൻ്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും ഇലക്ട്രിക് വയറുകൾ പൂർണമായും കത്തിപ്പോവുകയും ചെയ്തു. കുറച്ച് നാൾ മുൻപും ഇതേ ഭാഗത്ത് ഒരു വീട്ടിൽ ഇടിമിന്നലേറ്റിരുന്നു എന്ന് പഞ്ചായത്തംഗം നിസാമോൾ പറഞ്ഞു. അപകടം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ ഇവർ കെഎസ്ഇബി അധികൃതരുമായും വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് ആവശ്യമായ തുടർനടപടികൾ കൈക്കൊണ്ടു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: A 28-year-old mother and her 5-year-old son sustained severe burns in a lightning strike in Kollam.

#KollamNews #LightningStrike #KeralaRain #Nedumpana #SATHospital #KSEB #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Shobha K
Shobha K

2934 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia