city-gold-ad-for-blogger

ധന്യ സ്മരണകള്‍ ഉണര്‍ത്തി കെ.എം. അഹ്മദ് ചരമ വാര്‍ഷിക ദിനാചരണവും അവാര്‍ഡ് ദാനവും

കാസര്‍കോട്: (www.kasargodvartha.com 17.12.2014) കാസര്‍കോട്ടെ മാധ്യമ
 പ്രവര്‍ത്തന-സാഹിത്യ-സാംസ്‌ക്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന കെ.എം. അഹ്മദിന്റെ നാലാം ചരമ വാര്‍ഷിക ദിനാചരണവും അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം കാസര്‍കോട് പ്രസ് ക്ലബ്ബ് ഏര്‍പെടുത്തിയ അവാര്‍ഡ്ദാന ചടങ്ങും ബുധനാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പ്രഗല്‍ഭരുടെ സാന്നിദ്ധ്യംകൊണ്ടും ധന്യമായ സ്മരണകള്‍ ഉണര്‍ത്തിയും നടന്ന പരിപാടി കാസര്‍കോടിന്റെ മനസില്‍ തങ്ങിനില്‍ക്കുന്ന അനുഭവമായി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

കാസര്‍കോടിന്റെ നന്മകളെയും സാംസ്‌കാരിക സമ്പന്നതകളേയും പുറംലോകത്തിന് കാട്ടിക്കൊടുത്ത കഴിവുറ്റ പത്രപ്രവര്‍ത്തകനായിരുന്നു കെ.എം. അഹ്മദ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തിലും സംസാരത്തിലും അഹ്മദ് നന്മ കാത്തുസൂക്ഷിച്ചു. കാസര്‍കോടിന്റെ സുഗന്ധമായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തനത്തെ ഒന്നാം സ്ഥാനത്താണ് അദ്ദേഹം കണ്ടത്. നല്ലൊരു സംഘാടകന്‍ കൂടിയായിരുന്നു അഹ്മദ്. ഉബൈദ് സ്മരണകള്‍ ഒരു ദൗര്‍ബല്യമായി കൊണ്ടു നടന്നിരുന്ന അഹ്മദ് കാസര്‍കോടിന്റെ വികസനം സ്വപ്‌നം കണ്ട് നടന്ന പത്രപ്രവര്‍ത്തകനായിരുന്നു. തനിക്ക് ജ്യേഷ്ഠ സഹോദര തുല്യനായിരുന്നു അദ്ദേഹം. ഒരുപാട് ഓര്‍മകള്‍ അഹ്മദുമായി ബന്ധപ്പെട്ട് തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ കാസര്‍കോട്ട് മനോരമയുടെ ലേഖകനായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അഹ്മദ് മാഷുമായി ഉണ്ടായിരുന്ന ബന്ധവും അടുപ്പവും ഖാദര്‍മാങ്ങാട് അനുസ്മരിച്ചു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നല്ല മാധ്യമ പ്രവര്‍ത്തകനുള്ള ഉദാഹരണമാണ് കെ.എം. അഹ്മദ് എന്ന് അദ്ദേഹം അനുസ്മരിച്ചു. പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ അന്വേഷണാത്മകതയും സാമൂഹിക പ്രതിബന്ധതയും കുറഞ്ഞുവരുന്ന ഇക്കാലത്ത് കെ.എം. അഹ്മദിന്റെ പത്രപ്രവര്‍ത്തന മേഖലയിലുള്ള ഗുണങ്ങള്‍ മാതൃകയാക്കേണ്ടതാണ്. ഏത് വാര്‍ത്തയും അന്വേഷിച്ച് മാത്രം റിപോര്‍ട്ട് ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഏത് ചെറിയ പരിപാടിക്കാണെങ്കില്‍പോലും ആ പരിപാടി നേരില്‍കണ്ട് വാര്‍ത്ത കൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സമൂഹത്തിന്റേയും നാടിന്റേയും വികസനം ലക്ഷ്യമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനമെന്നും വര്‍ഗീസ് പറഞ്ഞു.

വാക്കുകളുടെ തമ്പുരാനായിരുന്നു കെ.എം. അഹ്മദ് എന്ന് പ്രശസ്ത നോവലിസ്റ്റും അഹ്മദ് മാഷിന്റെ സഹപാഠിയുമായ പി.വി.കെ. പനയാല്‍ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. മായിപ്പാടി ഡയറ്റില്‍ അധ്യാപക പരിശീലന വിദ്യാര്‍ത്ഥികളായിരിക്കുമ്പോഴുള്ള ഓര്‍മ്മകളും വൈകാരികാനുഭവങ്ങളും അദ്ദേഹം അയവിറക്കി. ഹൃദയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നതായിരുന്ന അഹ്മദിന്റെ എഴുത്തും പ്രസംഗവും. പ്രസംഗത്തിലും വാര്‍ത്തകള്‍ എഴുതുന്നതിലും ലേഖനമെഴുതുന്നതിലുമെല്ലാം അത്ഭുതപ്പെടുത്തുന്ന പ്രതിബന്ധത അദ്ദേഹം കാത്തുസൂക്ഷിച്ചു. വാക്കുകളുടെ നിര്‍മിതിയില്‍ അപാരമായ സൂക്ഷ്മത അദ്ദേഹത്തിന് ഉണ്ടായിരുന്നു. മഹാകവി പി.യുടേയും വൈലോപ്പിള്ളിയുടേയും ഉബൈദിന്റേയും കവിതകളോടുള്ള ആഭിമുഖ്യംകൊണ്ട് കവിത എഴുതാനും സാഹിത്യ രചന നടത്താനും അഹ്മദിന് കഴിഞ്ഞു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ തളങ്കരയിലെ ചരിത്രപ്രസിദ്ധമായ സമ്മേളനത്തിന്റെ വിജയ ശില്‍പികളില്‍ പ്രധാനിയായിരുന്നു കെ.എം. അഹ്മദ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോടിന്റെ മതേതര മുഖം നിലനിര്‍ത്താന്‍ അവസാനംവരെ യത്്‌നിച്ച സാംസ്‌ക്കാരിക നായകന്‍ കൂടിയായിരുന്നു അഹ്മദ് എന്നും പനയാല്‍ പറഞ്ഞു.

തനിക്ക് ഓര്‍മകളിലേക്കുള്ള ഒരു തീര്‍ത്ഥാടനമാണ് കാസര്‍കോട്ടേക്കുള്ള വരവും കെ.എം. അഹ്മദിന്റെ അനുസ്മരണ പരിപാടിയിലുള്ള പങ്കാളിത്തവുമെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍ പറഞ്ഞു. തന്റെ ശിഷ്യനും സുഹൃത്തും വഴികാട്ടിയും എല്ലാമായിരുന്നു അഹ്മദ്. കാസര്‍കോടിന്റെ മത നിരപേക്ഷത കാത്തുസൂക്ഷിച്ച പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

കാസര്‍കോടിന്റെ മനസ് പുകയുമ്പോള്‍ അഹ്മദിന്റെ മനസും പുകയും. കാസര്‍കോടിന്റെ മനസ് അസ്വസ്ഥമാകുമ്പോള്‍ അഹ്മദിന്റെ മനസും അങ്ങനെയാകും. മതനിരപേക്ഷതയുടെ കാവലാളായി നില്‍കേണ്ട ഒരാളാണ് അഹ്മദിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. കാസര്‍കോടാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ അഹ്മദ് അവിടെതന്നെ തന്റെ പ്രവര്‍ത്തന കേന്ദ്രമായി ഒതുങ്ങാനാണ് ഇഷ്ടപ്പെട്ടതെന്നും പി.വി. കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

അപാരസിദ്ധിയുള്ള എഴുത്തുകാരനും അസാമാന്യ ചങ്കൂറ്റത്തോടെ പത്രപ്രവര്‍ത്തനം നടത്തിയ പത്രപ്രവര്‍ത്തകനുമായിരുന്നു അഹ്മദ് എന്ന് പ്രഗല്‍ഭ പ്രഭാഷകനും സാഹിത്യകാരനുമായ പി. അപ്പുക്കുട്ടന്‍ അഭിപ്രായപ്പെട്ടു. സ്‌നേഹത്തിന്റെ നിറകൂടമായിരുന്നു അദ്ദേഹം. മതേതരത്വം വേരാഴ്ത്തിയ പത്രപ്രവര്‍ത്തകന്‍. കേള്‍ക്കുന്ന ആരുടേയും മനസിനെ സ്വാധീനിക്കാനുള്ള പ്രഭാഷണ ശൈലിയും വാക്കുകളും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അപ്പുക്കുട്ടന്‍ പറഞ്ഞു.

ചടങ്ങില്‍ കെ.എം. അഹ്മദിന്റെ പേരിലുള്ള നാലാമത് മാധ്യമ പുരസ്‌കാരം മംഗളം കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ സബ്ബ് എഡിറ്റര്‍ കെ. സുജിത്തിന് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല സമ്മാനിച്ചു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് വി.വി. പ്രഭാകരന്‍ സുജിത്തിനെ സദസിന് പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാ ദേവി, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുര്‍ റഹ്മാന്‍, സാഹിത്യ വേദി വൈസ് പ്രസിഡന്റ് നാരായണന്‍ പേരിയ, കെ.എം. അഹ്മദിന്റെ മകന്‍ മുജീബ് അഹ്മദ്, അവാര്‍ഡ് ജേതാവ് കെ. സുജിത്ത്, സാഹിത്യവേദി സെക്രട്ടറി അഷ്‌റഫ് അലി ചേരങ്കൈ തുടങ്ങിയവര്‍ പ്രസംഗിച്ചു. റഹ്മാന്‍ തായലങ്ങാടി സ്വാഗതവും പ്രസ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി നന്ദിയും പറഞ്ഞു.

സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, സാഹിത്യവേദി വൈസ് പ്രസിഡന്റ് സി.എല്‍. ഹമീദ്, കാര്‍ട്ടൂണിസ്റ്റ് ഗഫൂര്‍ തുടങ്ങി ഒട്ടേറെ പ്രഗല്‍ഭരും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ശ്രദ്ധേയരായ വ്യക്തികളും അഹ്മദ് മാഷിന്റെയും സി. രാഘവന്‍ മാഷിന്റേയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ധന്യ സ്മരണകള്‍ ഉണര്‍ത്തി കെ.എം. അഹ്മദ് ചരമ വാര്‍ഷിക ദിനാചരണവും അവാര്‍ഡ് ദാനവും

Keywords:  K.M. Ahmed, Kasaragod, Kerala, Kasaragod Press Club, Award, K. Sujith, Media Award.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia