Protests | 'പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട്': അധ്യാപകർ പ്രതിഷേധത്തിൽ
സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിൻമാറി പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം
കാസർകോട്: (KasargodVartha) കഴിഞ്ഞ രണ്ട് വർഷമായി രഹസ്യമായി സൂക്ഷിച്ചിരുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം മന്ത്രിസഭയിൽ പാസാക്കിയതിൽ അധ്യാപകർ രൂക്ഷ പ്രതിഷേധം ഉയർത്തിയിരിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ലയന നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ഹയർ സെക്കൻഡറി അദ്ധ്യാപകരെ സെക്കൻഡറി അദ്ധ്യാപകരായി തരം താഴ്ത്തുന്ന ഖാദർ കമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് കാസർകോട് താലൂക്ക് ഓഫീസ് പരിസരത്ത് സംയുക്ത അധ്യാപക സമിതി പ്രതിഷേധം സംഘടിപ്പിച്ചു.
ലോകരാഷ്ട്രങ്ങൾ മുഴുവൻ വികേന്ദ്രീകരണത്തിന്റെ ഗുണഭോക്താക്കളായി മാറുമ്പോൾ, കേരളം ഏകീകരണത്തിലേക്ക് നീങ്ങുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തകർക്കുമെന്നാണ്. വിവിധ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വളർച്ച പരിഗണിക്കാതെയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇത് വിദ്യാർത്ഥികളിൽ മാനസിക സംഘർഷം വർദ്ധിപ്പിക്കുകയും, കേരളത്തിലെ വിദ്യാർത്ഥികൾ ദേശീയ തലത്തിൽ പിന്തള്ളപ്പെടുകയും ചെയ്യും. കൂടാതെ, ധാരാളം അധ്യാപകരുടെ തൊഴിൽ നഷ്ടത്തിനും ഇടയാക്കും.
സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിൻമാറി പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
ഡി.സി.സി. പ്രസിഡണ്ട് പി കെ ഫൈസൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സംയുക്ത അധ്യാപക സമിതി ജില്ലാ ചെയർമാൻ കെ വി വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ടി അബ്ദുൾ ഗഫൂർ (ജില്ലാ കൺവീനർ), ജി ജി തോമസ് (എ.എച്ച്.എസ്.ടി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി), സദാശിവൻ (എച്ച്.എസ്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട്), മുഹമ്മദ് ഷെരീഫ് തങ്കയം (കെ.എച്ച് .എസ് ടി .യു സംസ്ഥാന സെക്രട്ടറി), പി ടി ബെന്നി (കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു. സുബിൻ ജോസ് (എഫ്.എച്ച്.എസ്.ടി.എ ജില്ലാ ചെയർമാൻ) നന്ദി പറഞ്ഞു.