Showcase | കേരളത്തിന്റെ ഉത്സവഭാവം കെടിഎമ്മിൽ വിരിഞ്ഞു: പവലിയനിൽ ആനകളും പൂരപ്പറമ്പും
കൊച്ചി: (KasargodVartha) കേരളത്തിന്റെ ഉത്സവഭാവം ആഘോഷിക്കുന്ന ഒരു അത്ഭുതകരമായ പവലിയൻ ഒരുക്കിയിരിക്കുന്നു കേരള ട്രാവൽ മാർട്ടിൽ (കെടിഎം). 'കേരള ഫെസ്റ്റിവൽ ഡെസ്റ്റിനേഷൻ' എന്ന പ്രമേയത്തിൽ ഒരുക്കിയ ഈ പവലിയൻ കേരളത്തിന്റെ സമ്പന്നമായ ഉത്സവ സംസ്കാരത്തെ ആകർഷകമായി അവതരിപ്പിക്കുന്നു.
35 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് 'കേരള ഫെസ്റ്റിവെല്‍ ഡെസ്റ്റിനേഷന്‍' പവലിയന്‍ ഒരുക്കിയിട്ടുള്ളത്. പവലിയനിൽ പ്രധാന ആകർഷണം അഞ്ചരയടി വലുപ്പമുള്ള രണ്ട് ആനകളുടെ മാതൃകയാണ്. പൂരപ്പറമ്പിലെ എഴുന്നെള്ളിപ്പിനെ അനുസ്മരിപ്പിക്കുന്ന വിധം അലങ്കരിച്ചിരിക്കുന്ന ഈ ആനകൾ കേരളത്തിന്റെ ഉത്സവങ്ങളുടെ നേർക്കാഴ്ചയാണ്. നെറ്റിപ്പട്ടം കെട്ടി മുത്തുക്കുടയുടെയും ആലവട്ടത്തിന്റെയും അകമ്പടിയോടെ നില്ക്കുന്ന ഈ ആനകൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
കെടിഎമ്മിലെത്തുന്ന വിദേശ, ഇതര സംസ്ഥാന ബയേഴ്‌സും ആഭ്യന്തര പ്രതിനിധികളും ഒരുപോലെ ഈ പവലിയനെ പ്രശംസിച്ചു. എക്സ്‌പോ ഉദ്ഘാടനത്തിനെത്തിയ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പവലിയൻ സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു.
ഈ പവലിയൻ കേരളത്തിലെ വിവിധ ഉത്സവങ്ങളും അവയുമായി ബന്ധപ്പെട്ട ആചാരങ്ങളും ആഘോഷങ്ങളും വിദേശ, ആഭ്യന്തര സഞ്ചാരികൾക്ക് അനുഭവിക്കാനുള്ള അവസരം ഒരുക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കെടിഎം പന്ത്രണ്ടാം പതിപ്പിന്‍റെ ഭാഗമായി കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിൽ സെപ്റ്റംബർ 29 വരെ നടക്കുന്ന കെടിഎമ്മിൽ 347 സ്റ്റാളുകളുണ്ട്. ഞായറാഴ്ച പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമാണ്.
#KeralaTravelMart #KTM #KeralaTourism #KeralaFestivals #Onam #ThrissurPooram #IndiaTourism #Travel