Fuel Savings | കേരള ആർടിസി ബസുകൾക്ക് കർണാടക പമ്പുകളിൽ നിന്ന് ഡീസൽ അടിയിൽ പ്രതിദിന ലാഭം കാൽ ലക്ഷം!
● 2023 ഫെബ്രുവരി മാസം തുടങ്ങിയതാണ് ഇത്തരത്തിൽ കർണാടക പമ്പുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഡീസൽ നിറക്കുന്നത്.
● തുടക്കത്തിൽ ഡിപ്പോയിലെ 26 ബസുകളാണ് കർണാടക പമ്പുകളിൽ നിന്ന് ഡീസൽ അടിക്കാൻ ആരംഭിച്ചത്.
● നിലവിൽ എട്ട് രൂപയുടെ വ്യത്യാസം ഡീസൽ വിലയിൽ കേരളവും കർണാടകവും തമ്മിലുള്ളതായി പറയുന്നു.
മംഗ്ളുറു: (KasargodVartha) കർണാടകയിൽ നിന്ന് ഡീസൽ നിറയ്ക്കുന്നതിൽ ലാഭം കണ്ടെത്തുകയാണ് കേരള ആർടിസിയുടെ കാസർകോട് ഡിപ്പോയിലെ ബസുകൾ. ഇത് ഇന്ന് ഇന്നലെയോ തുടങ്ങിയതല്ല കേരളത്തിൽ ഡീസൽ ക്ഷാമം രൂക്ഷമാവുകയും, കേരളത്തിൽ ഡീസലിന് കൂടുതൽ നികുതി വർദ്ധനവ് ബജറ്റിൽ ഏർപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായാണ് ലാഭം കണ്ടെത്താനുള്ള തന്ത്രങ്ങൾ കെഎസ്ആർടിസി ആലോചിച്ച് തീരുമാനമെടുത്തത്.
2023 ഫെബ്രുവരി മാസം തുടങ്ങിയതാണ് ഇത്തരത്തിൽ കർണാടക പമ്പുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഡീസൽ നിറക്കുന്നത്. ഇതുവഴി കെഎസ്ആർടിസിക്ക് പ്രതിദിന ലാഭം അരലക്ഷത്തോളം രൂപയാണ്. തുടക്കത്തിൽ ഡിപ്പോയിലെ 26 ബസുകളാണ് കർണാടക പമ്പുകളിൽ നിന്ന് ഡീസൽ അടിക്കാൻ ആരംഭിച്ചത്. കർണാടകയിലെ ഡീസൽ വിലയിലെ കുറവ് കെഎസ്ആർടിസി നേട്ടം ഉണ്ടാക്കിയതായി അധികൃതർ തന്നെ പറയുന്നുമുണ്ട്.
കാസർകോട് - മംഗ്ളുറു സർവീസുകൾ നടത്താൻ ഒരു ദിവസം 2860 ലീറ്റർ ഡീസലാണ് വേണ്ടതെന്ന് കെഎസ്ആർടിസി അധികൃതർ പറയുമ്പോൾ ഇന്ധന ചിലവിൽ 24,000 രൂപയോളം ഓരോ ദിവസവും ലാഭിക്കാൻ കഴിയും. ഈ ലാഭപ്രതീക്ഷയിലാണ് ഇപ്പോഴും ഡീസലടി കർണാടകയിൽ നിന്ന് തുടരുന്നതിന് കാരണവും. നിലവിൽ എട്ട് രൂപയുടെ വ്യത്യാസം ഡീസൽ വിലയിൽ കേരളവും കർണാടകവും തമ്മിലുള്ളതായി പറയുന്നു.
അതിനിടെ കാസർകോട് ഡിപ്പോയിൽ നിന്ന് കൊല്ലൂർ, സുള്ള്യ, പുത്തൂർ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ കൂടി കർണാടകയിൽ നിന്ന് ഡീസൽ അടിക്കുകയാണെങ്കിൽ ദിവസേന അരലക്ഷം രൂപയോളം ലാഭിക്കാനാകുമെന്നും അധികൃതർ പറയുന്നു. എന്നാൽ ഇതിന് അനുമതി ലഭിച്ചതായി അറിവില്ല. നഷ്ട കണക്കുകളും പറഞ്ഞും, സാമ്പത്തിക പ്രതിസന്ധി നേരിട്ടും പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് കർണാടക ഡീസലിലൂടെ കിട്ടുന്ന ലാഭം നേരിയ ആശ്വാസമാവുമെന്ന് യാത്രക്കാരും പറയുന്നു.
#KSTRC, #DieselSavings, #KeralaRTC, #FuelProfit, #Karnataka, #Transport