6 മാസമായി റേഷൻ വാങ്ങുന്നില്ലേ? നിങ്ങളുടെ കാർഡ് മരവിപ്പിക്കും; സ്മാർട്ട് പിഡിഎസ് പദ്ധതിയുമായി കേന്ദ്രസർക്കാർ
● കാർഡിലെ മുഴുവൻ അംഗങ്ങളും ഇ കെവൈസി പൂർത്തിയാക്കിയാൽ റേഷൻ വിതരണം പുനരാരംഭിക്കും
● ആദ്യഘട്ട നടപടി മഞ്ഞ, പിങ്ക് എന്നീ വിഭാഗങ്ങളിലെ മുൻഗണനാ കാർഡുകളിൽ
● സംസ്ഥാനത്ത് 45,000 മുൻഗണനാ കാർഡുകൾ റേഷൻ വാങ്ങാത്തവരുടേതായിട്ടുണ്ട്
● ഒന്നിലധികം സംസ്ഥാനങ്ങളിൽ കാർഡുള്ളവരെയും പുതിയ സംവിധാനത്തിലൂടെ കണ്ടെത്തും
തിരുവനന്തപുരം: (KasargodVartha) കേന്ദ്രസർക്കാർ പദ്ധതിയായ സ്മാർട്ട് പിഡിഎസ് അടുത്ത മാസം നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ ആറ് ലക്ഷത്തിലേറെ റേഷൻ കാർഡുകൾ റദ്ദായേക്കും. ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്.
സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം എന്നതിൻ്റെ ചുരുക്കപ്പേരായ സ്മാർട്ട് പിഡിഎസ് പദ്ധതിയിൽ കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽവരെ വിതരണം പൂർണമായും കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യും. 2024-ലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം ധാരണാപത്രം ഒപ്പിട്ടത്.
കാർഡുകൾ മരവിപ്പിക്കും; ഇ കെവൈസി നിർബന്ധം
റേഷൻ ആറ് മാസത്തിലേറെയായി വാങ്ങാത്ത കാർഡുകൾ മരവിപ്പിക്കാനാണ് നിലവിലെ തീരുമാനം. തുടർന്ന് മൂന്ന് മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ഇ കെവൈസി പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കുകയുള്ളൂ.
രാജ്യത്തെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഒരേ വ്യക്തി ഉൾപ്പെട്ടിട്ടുണ്ടോ എന്നും പുതിയ സംവിധാനത്തിലൂടെ കണ്ടെത്തും. ഇത്തരം ഗുണഭോക്താക്കളെയും മരവിപ്പിച്ചുനിർത്തും. തുടർന്ന് മൂന്ന് മാസത്തിനകം ഇ കെവൈസി പൂർത്തിയാക്കി, നിലനിർത്തേണ്ട റേഷൻ കാർഡ് മാത്രം നിശ്ചയിച്ച് മറ്റുള്ളവയിൽനിന്ന് പേര് നിർബന്ധമായും ഒഴിവാക്കണം.
ആദ്യഘട്ട നടപടി മുൻഗണനാ കാർഡുകളിൽ
സ്മാർട്ട് പിഡിഎസിൻ്റെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് എന്നീ വിഭാഗങ്ങളിലെ മുൻഗണനാ കാർഡുകളിൽ ആറ് മാസമായി റേഷൻ വാങ്ങാത്തവർക്കെതിരെയാകും നടപടി സ്വീകരിക്കുക. കേരളത്തിൽ ഇത്തരം 45,000 കാർഡുകളും 66,000 ഗുണഭോക്താക്കളുമുണ്ടെന്നാണ് സർക്കാരിൻ്റെ പ്രാഥമിക വിവരം.
നീല, വെള്ള, ബ്രൗൺ എന്നിങ്ങനെയുള്ള മുൻഗണന ഇതര വിഭാഗത്തിൽ ഇത്തരം 5.6 ലക്ഷത്തിലേറെ കാർഡുകളും 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളുമാണുളളത്.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Over 6 lakh ration cards in Kerala face cancellation under Smart PDS.
#KeralaRationCard #SmartPDS #CivilSuppliesKerala #eKYC #MalayalamNews #RenuNews






