ജയിലുകളിൽ മട്ടനും മീനും ഒഴിവാക്കാൻ ശുപാർശ; പകരമെത്തുക കോഴിക്കറി, സോയ ചങ്ക്സ്, മുട്ട; ലക്ഷ്യം വർഷം 5.7 കോടിയുടെ ലാഭം
● മട്ടൻ സ്ഥിരമായി കഴിക്കുന്നത് ജീവിതശൈലീരോഗങ്ങൾക്ക് കാരണമാകാമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു
● നിലവിൽ മട്ടനും മീനും വാങ്ങാൻ ജയിൽ വകുപ്പ് വലിയ തുകയാണ് ചെലവഴിക്കുന്നത്
● നിലവിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ മീനും ശനിയാഴ്ച മട്ടനുമാണ് തടവുകാർക്ക് നൽകുന്നത്
● മാംസാഹാരം കഴിക്കാത്തവർക്കും ആരോഗ്യ പ്രശ്നമുള്ളവർക്കും പ്രത്യേക ഭക്ഷണ ക്രമീകരണം ഉണ്ടാകും
തിരുവനന്തപുരം: (KVARTHA) തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിൻ്റെ ശുപാർശ. വർഷം കോടിക്കണക്കിന് രൂപ ലാഭിക്കാനാവുമെന്ന് ചൂണ്ടിക്കാട്ടി ജയിൽ വകുപ്പ് മേധാവി എസ് ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് കത്ത് നൽകി. ചെലവ് കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് മെനു പരിഷ്കരണത്തിന് ഒരുങ്ങുന്നത്. മെനുവിൽ നിന്ന് മട്ടനും മീനും ഒഴിവാക്കണമെന്നതാണ് പ്രധാന ശുപാർശ.
പകരം കോഴിയും മുട്ടയും
മട്ടനും മീനും ഒഴിവാക്കുന്നതിന് പകരം കോഴിക്കറി, സോയ ചങ്ക്സ്, മുട്ട എന്നിവ നൽകാനാണ് ശുപാർശ ചെയ്യുന്നത്. മട്ടൺ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം അടക്കമുള്ളവയ്ക്കും ജീവിതശൈലീരോഗങ്ങൾക്കും കാരണമാകുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ മട്ടനും മീനും വാങ്ങാനും സംഭരിക്കാനുമുള്ള ബുദ്ധിമുട്ടുകളും വകുപ്പ് നേരിടുന്നുണ്ട്.
ചെലവ് ചുരുക്കൽ ഇങ്ങനെ
ഒരു വർഷം മട്ടൻ വാങ്ങാൻ 5.72 കോടി രൂപയും മീനിന് 4.8 കോടിയുമാണ് ജയിൽ വകുപ്പ് ചെലവഴിക്കുന്നത്. എന്നാൽ കോഴി വാങ്ങാൻ 1.26 കോടിയും സോയാ ചങ്ക്‌സിനും മുട്ടയ്ക്കും കൂടി 3.4 കോടിയും മാത്രമേ ചെലവ് വരുകയുള്ളൂ.
നിലവിൽ തിങ്കളാഴ്ചയും ബുധനാഴ്ചയും ഉച്ചഭക്ഷണത്തിന് മീനും ശനിയാഴ്ച മട്ടനുമാണ് തടവുകാർക്ക് നൽകുന്നത്. മാംസാഹാരം നൽകുന്ന ദിവസങ്ങളിൽ ഇത് കഴിക്കാത്തവർക്ക് പച്ചക്കറികൾ കൊണ്ടുള്ള കറികളും നൽകും. ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഭക്ഷണവും നൽകി വരുന്നുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Prison dept recommends replacing mutton and fish with chicken and eggs.
#KasargodVartha #KeralaPrisons #JailMenu #KeralaPolice #ThiruvananthapuramNews #HomeDepartment #MalayalamNews #AparnaNews






