Action | മട്ടന്നൂർ പോളിടെക്‌നിക് സംഘർഷം: ദേശാഭിമാനി ലേഖകനെ മർദ്ദിച്ച പൊലീസുകാർക്ക് സ്ഥലമാറ്റം
● സി.പി.എം മട്ടന്നൂർ ഏരിയാ നേതൃത്വം രംഗത്തുവന്നിരുന്നു.
● പൊലിസുകാർക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധവുമായി യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഫർസീൻ മജീദ്.
കണ്ണൂർ: (KasargodVartha) മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ വിദ്യാർത്ഥി സംഘർഷത്തെ കുറിച്ച് വാർത്ത ശേഖരിക്കാൻ എത്തിയ ദേശാഭിമാനി ലേഖകനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് നടപടി. മട്ടന്നൂർ പൊലിസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ സ്ഥലം മാറ്റി.
സിനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജി കൈതേരി കണ്ടി, സി.പി.ഒമാരായ വി.കെ സന്ദീപ് കുമാർ, പി.വിപിൻ, സി. ജിനേഷ്, പി.അശ്വിൻ എന്നിവരാണ് സ്ഥലം മാറ്റപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. അന്വേഷണവിധേയമായി ഇവരെ കണ്ണൂർ സിറ്റി ജില്ലാ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക് സ്ഥലമാറ്റിയിട്ടുണ്ട്. കേസിൽ രാഷ്ട്രീയ പോര് തുടരുകയാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മട്ടന്നൂർ ഏരിയാ നേതൃത്വം രംഗത്തുവന്നിരുന്നു. ഇതേ തുടർന്ന് പൊലിസുകാർക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധവുമായി യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഫർസീൻ മജീദ് രംഗത്തുവന്നു.
മട്ടന്നൂർ പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതികളെ സി.പി.എം നേതാക്കൾ ഇടപെട്ട് മോചിപ്പിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും, എന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാവാത്തത് പിണറായി ഭരണത്തിന്റെ പരാജയമാണെന്നും ഫർസീൻ മജീദ് പറഞ്ഞു. നിയമം നടപ്പാക്കാൻ ശ്രമിച്ച പൊലീസുകാരെ ശിക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം നടപ്പിലാക്കാനിറങ്ങിയ പൊലിസുകാരെ ശിക്ഷിച്ചിരിക്കുകയാണെന്നും ഫർസീൻ പറഞ്ഞു.
#KeralaNews #JournalistAssault #PoliceBrutality #PressFreedom #Mattannur #India