Protest | ശ്രദ്ധിക്കുക: 'തിങ്കളാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും'; പണിമുടക്കുമായി അസോസിയേഷൻ

● ടാങ്കർ ഡ്രൈവർമാരുമായുള്ള തർക്കമാണ് പണിമുടക്കിന് വഴിവെച്ചത്
● കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിലാണ് തർക്കം ഉടലെടുത്തത്
● 'ചായ പൈസ' എന്ന വിഷയത്തിൽ ഉടലെടുത്ത തർക്കമാണ് കാരണം
കാസർകോട്: (KasargodVartha) സംസ്ഥാനത്തെ പെട്രോൾ പമ്പ് ഉടമകൾ തിങ്കളാഴ്ച (ജനുവരി 13) പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്‌ക്കെത്തിയ അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്‌സ് യൂണിയൻ നേതാക്കൾ കയ്യേറ്റം ചെയ്തുവെന്നാരോപിച്ചാണ് പണിമുടക്ക്. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് അസോസിയേഷൻ അറിയിച്ചു.
പെട്രോൾ പമ്പുകളിൽ ഇന്ധനവുമായി എത്തുന്ന ലോറി ഡ്രൈവർമാർക്ക് 'ചായ പൈസ' എന്ന പേരിൽ 300 രൂപ വരെ നൽകാറുണ്ട്. ഈ തുക വർധിപ്പിക്കണമെന്ന ആവശ്യം ഡ്രൈവർമാർ മുന്നോട്ടുവച്ചു. എന്നാൽ ഡീലർമാർ ഈ ആവശ്യം അംഗീകരിച്ചില്ല. ഇതാണ് ഇരുവിഭാഗങ്ങൾക്കുമിടയിൽ തർക്കത്തിന് തുടക്കമിട്ടത്. ഈ വിഷയത്തിൽ കോഴിക്കോട് എലത്തൂരിൽ വച്ച് നടന്ന ചർച്ചക്കിടെ ഡീലർമാരെ ഡ്രൈവർമാർ കൈയേറ്റം ചെയ്തെന്നാണ് ആരോപണം.
എന്നാൽ ഡ്രൈവർമാർ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. തങ്ങൾ 'ചായ പൈസ' ഏകീകരിക്കണമെന്ന ആവശ്യം മാത്രമാണ് ഉന്നയിച്ചതെന്നും അവർ പറയുന്നു. സംഭവത്തിൽ ശനിയാഴ്ച വൈകിട്ട് നാല് മുതൽ ആറ് വരെ കോഴിക്കോട് ജില്ലയിൽ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റിൽ നിന്ന് ഇന്ധനം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.
#KeralaStrike #PetrolPumpStrike #FuelShortage #Protest #KeralaNews #Transportation