Landslide | മുണ്ടക്കൈയില്‍ കാണാനാകുന്നത് കരളലിയിക്കുന്ന കാഴ്ച; മരണം 73 കടന്നു; മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ അകലെ ഒഴുകിയെത്തി; ചെളിയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന യുവാവിനെ രക്ഷപ്പെടുത്തി
കയ്യും കാലും തലയും ഉള്‍പെടെ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങള്‍ കരളലിയിക്കുന്ന കാഴ്ചയായി.
മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
മേപ്പാടി: (KasargodVartha) വയനാട് മുണ്ടക്കൈയില്‍ കാണാനാകുന്നത് കരളലിയിക്കുന്ന കാഴ്ച. ചൊവ്വാഴ്ച രാവിലെയുണ്ടായ ഉരുള്‍പൊട്ടലില്‍ (Landslides) മരണസംഖ്യ 73 കടന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മൃതദേഹങ്ങള്‍ (Dead Body) കിലോമീറ്ററുകള്‍ അകലെ മലപ്പുറത്തേക്കും (Malappuram) ഒഴുകിയെത്തി. മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ (Chaliyar River) വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ 11 മൃതദേഹങ്ങള്‍ കണ്ടെത്തിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കയ്യും കാലും തലയും ഉള്‍പെടെ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങള്‍ കരളലിയിക്കുന്ന കാഴ്ചയായി. മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനത്തിനുള്ളിലെ കുമ്പിളപ്പാറ കോളനി ഭാഗങ്ങളില്‍ അഞ്ച് മൃതദേഹങ്ങള്‍ കരയ്ക്ക് അടിഞ്ഞതായി ആദിവാസികള്‍ പറഞ്ഞു. എന്നാല്‍ അഗ്‌നിരക്ഷാ സേനയ്ക്ക് ആ ഭാഗത്തേക്ക് ഇതുവരെ കടക്കാനായിട്ടില്ല. കണ്ടെത്തിയ മൃതദേഹങ്ങള്‍ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചാലിയാര്‍ പുഴയില്‍ കണ്ടെത്തിയത് വയനാട്ടില്‍നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും രംഗത്തെത്തി. മുണ്ടക്കൈയിലേക്ക് ആര്‍ക്കും കടക്കാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. അംഗഭംഗം വന്ന നിലയിലാണ് മൃതദേഹങ്ങളില്‍ പലതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരുതുന്നതിലും ഭീകരമാണ് മുണ്ടക്കൈയിലെ സ്ഥിതിയെന്ന് സംഭവസ്ഥലത്തുള്ള ടി സിദ്ദീഖ് എംഎല്‍എയും പ്രതികരിച്ചു.
അതിനിടെ പുഴയിലെ ചെളിയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന യുവാവിനെ രക്ഷപ്പെടുത്തിയത് ആശ്വാസമാവുകയാണ്. ചൂരല്‍മലയിലെ ദുരന്തവാര്‍ത്തക്ക് പിന്നാലെ പുറത്തുവന്ന ചെളിയില്‍ പുതഞ്ഞ് കിടക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ഹൃദയഭേദകമായിരുന്നു. ദുരന്തത്തില്‍ ഒരുപാട് ജീവന്‍ പൊലിഞ്ഞപ്പോള്‍ രക്ഷാസംഘം ഈ യുവാവിനെ രക്ഷിച്ച വാര്‍ത്ത ആശ്വാസം തന്നെയാണ്. മുണ്ടകൈയില്‍ നിന്ന് കെ എസ് ആര്‍ ടി സി കന്‍ഡക്ടര്‍ മുഹമ്മദ് കുഞ്ഞാണ് ചെളിയില്‍ പുതഞ്ഞ നിലയിലുള്ള യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. രാവിലെ ഏഴുമണിക്ക് അദ്ദേഹം പകര്‍ത്തിയ വീഡിയോയില്‍ ദുരന്ത ബാധിത പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ കാണാം.
ഒരാള്‍ പുഴയില്‍ ചെളിയില്‍ പുതഞ്ഞ് നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം മരിച്ചിട്ടില്ലെന്നുമുള്ള വിവരങ്ങളാണ് മുഹമ്മദ് കുഞ്ഞ് രക്ഷാസംഘത്തെ അറിയിച്ചത്. തങ്ങള്‍ക്ക് അവിടെ ഇറങ്ങാന്‍ കഴിയുന്നില്ലെന്നും ഇറങ്ങിയാല്‍ ഒഴുകിപ്പോകുമെന്നുമുള്ള നിസഹായാവസ്ഥയും മുഹമ്മദ് കുഞ്ഞ് രക്ഷാ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
പ്രദേശവാസികള്‍ ഒരുപാട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കുകയാണെന്ന വിവരം പങ്കുവയ്ക്കുന്നുണ്ട്. പുഴയില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ എന്തെങ്കിലും സംവിധാനം വേണം. നമുക്ക് പുഴയില്‍ ഇറങ്ങാന്‍ പറ്റുന്നില്ല എന്നും മുഹമ്മദ് കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അപകടം നടന്ന് 11 മണിക്കൂറിന് ശേഷമാണ് ഉരുള്‍പ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞത്. മുണ്ടകൈയിലേക്ക് ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതോടെ രക്ഷാസംഘം മറുകരയിലെത്തിയത് അതിസാഹസികമായാണ്.