'വണ്ടിയെ തൊട്ട് കളി' വേണ്ട; വാഹന മോഡിഫിക്കേഷന് ഹൈകോടതിയുടെ കർശന വിലക്ക്, ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കാൻ നിർദേശം
● മോട്ടോർ വാഹന എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥരും സംസ്ഥാന പൊലീസും കർശന നടപടി സ്വീകരിക്കണം
● തീവ്ര പ്രകാശമുള്ള എൽഇഡി ലൈറ്റുകൾ, സൈറൺ, വീൽ സ്പേസറുകൾ എന്നിവയ്ക്ക് എതിരെ നടപടി വേണം
● അനധികൃത രൂപമാറ്റങ്ങൾ റോഡപകടങ്ങൾക്ക് ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു
● വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കോടതിയിൽ സമയം തേടിയിട്ടുണ്ട്
● കേസ് 2026 സെപ്റ്റംബർ 7-ന് ഹൈകോടതി വീണ്ടും പരിഗണിക്കും
കൊച്ചി: (KasargodVartha) യുഡിഎഫ് സർക്കാരിൻ്റെ തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങളിലൊന്നായ വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്ന കാര്യത്തിൽ ഹൈകോടതിയിൽ നിന്ന് സർക്കാരിന് കനത്ത തിരിച്ചടി. ഒരു കാരണവശാലും 'വണ്ടിയെ തൊട്ട് കളി' വേണ്ടെന്നാണ് കഴിഞ്ഞദിവസം ഹൈകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഒരു പുനർചിന്തനത്തിന് സംസ്ഥാന സർക്കാരും മോട്ടോർ വാഹന വകുപ്പും തയാറായി നിൽക്കുമ്പോഴാണ് കോടതി നിർദേശം വരുന്നത്. സംസ്ഥാന സർക്കാരിന് മാത്രമായി വാഹന മോഡിഫിക്കേഷൻ അനുമതി നൽകാനാവില്ലെന്ന് നേരത്തെ കേന്ദ്രസർക്കാരും വ്യക്തമാക്കിയിരുന്നു.
ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ
വാഹന മോഡിഫിക്കേഷനെതിരെ മോട്ടോർ വാഹന എൻഫോഴ്‌സ്മെൻ്റ് ഉദ്യോഗസ്ഥർക്കൊപ്പം സംസ്ഥാന പൊലീസും കർശന നടപടിയെടുക്കണമെന്നാണ് ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. ഒരു വാഹനത്തിൽ നടത്തുന്ന അനധികൃത രൂപമാറ്റം ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കണം.
അടൂരിൽ ഒരു ജീപ്പിൽ നടത്തിയ ആറ് മോഡിഫിക്കേഷനുകൾക്ക് മോട്ടോർ വാഹന വകുപ്പ് മൊത്തത്തിൽ 5000 രൂപ മാത്രം പിഴ ചുമത്തിയ പശ്ചാത്തലത്തിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിർണായക ഇടപെടൽ ഉണ്ടായത്.
വിവിധ നിറത്തിലുള്ള എൽഇഡി ഉൾപ്പെടെയുള്ള തീവ്ര പ്രകാശമുള്ള ലൈറ്റുകൾ, റെഡ്-ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, അനധികൃത സൈറൺ, വീൽ സ്പേസറുകൾ തുടങ്ങിയ നിയമലംഘനങ്ങളിൽ കർശന നടപടി വേണം. ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകൾ വാഹനാപകടങ്ങൾക്ക് ഇടയാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സർക്കാരിന് 'യൂടേൺ' അടിക്കേണ്ട അവസ്ഥ
റോഡ് സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെ വ്യക്തവും പുരോഗമനപരവുമായ നയരേഖ രൂപവൽക്കരിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിച്ചിരുന്നത്. ഇതിനിടയിലാണ് യുവാക്കളും വിദ്യാർഥികളും വാഹന മോഡിഫിക്കേഷന് വേണ്ടി സർക്കാരിൽ വലിയ സമ്മർദം ചെലുത്തിയത്.
എന്നാൽ അശ്രദ്ധയോടെ വാഹനമോടിക്കലും ഡോറുകൾ തുറന്നു വെച്ചുള്ള യുവാക്കളുടെ അഭ്യാസപ്രകടനങ്ങളും സംസ്ഥാനത്ത്, പ്രത്യേകിച്ച് ടൂറിസം മേഖലകളിൽ നിത്യസംഭവമാണ്. വാഹനാപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിലെ കോടതി ഇടപെടലിനെ തുടർന്ന് സർക്കാരിന് ഈ വിഷയത്തിൽ ഇപ്പോൾ 'യൂടേൺ' അടിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ്. വിഷയത്തിൽ റിപ്പോർട്ട് നൽകാൻ സർക്കാർ കോടതിയിൽ സമയം തേടിയിട്ടുണ്ട്. കേസ് 2026 സെപ്റ്റംബർ ഏഴിന് വീണ്ടും കോടതി പരിഗണിക്കും.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Kerala High Court division bench strictly prohibited vehicle modifications, ordering the Motor Vehicles Department and police to impose a fine of Rs 5000 for each unauthorized alteration, dealing a blow to the UDF government's plans; the case will be heard again on September 7, 2026.
#KasargodVartha #KeralaHighCourt #VehicleModification #KeralaMVD #KeralaPolice #RoadSafety #MalayalamNews #KochiNews #TrafficRules #AparnaNews






