ദയാവധത്തിന് അനുമതി നൽകി, ഉടൻ തടഞ്ഞ് ഹൈക്കോടതി: തെരുവുനായ വിഷയത്തിൽ സർക്കാർ ധർമ്മസങ്കടത്തിൽ
● തെരുവുനായ ശല്യം ജില്ലയിൽ രൂക്ഷമായി തുടരുകയാണ്.
● കഴിഞ്ഞയാഴ്ച നിരവധി പേർക്ക് നായയുടെ കടിയേറ്റു.
● എബിസി കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നിർദ്ദേശം പ്രാവർത്തികമായില്ല.
● മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിന് മുൻഗണനയുണ്ട്.
കാസർകോട്: (KasargodVartha) തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയതായിരുന്നു കഴിഞ്ഞാഴ്ചത്തെ സർക്കാർ ഉത്തരവ്. ഗുരുതര രോഗം ബാധിച്ച നായകളെ ദയാവധം ചെയ്യാമെന്നായിരുന്നു ഹൈകോടതിയുടെ ഇടപെടലിനെത്തുടർന്ന് സർക്കാർ നൽകിയ നിർദ്ദേശം.
തെരുവുനായ ആക്രമണത്തിൽ ‘എന്തെങ്കിലും ചെയ്തേ മതിയാവൂ’ എന്ന ഹൈകോടതി നിരീക്ഷണത്തെ തുടർന്നാണ് ദയാവധം നടപ്പിലാക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ വ്യാഴാഴ്ച ഹൈകോടതി മറ്റൊരു ഉത്തരവിലൂടെ ഇത് തടയുകയും ചെയ്തു. ഇത് തെരുവുനായ ശല്യത്തിന് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വീണ്ടും തിരിച്ചടിയായി.
നിയമങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചയാണ് നാടുനീളെ തെരുവുനായ്ക്കളുടെ എണ്ണം പെരുകാൻ കാരണം. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിന് മൃഗങ്ങളുടെ അവകാശത്തേക്കാൾ മുൻതൂക്കമുണ്ടെങ്കിലും, ഈ വിഷയത്തിൽ സുപ്രീംകോടതി, ഹൈകോടതി വിധികളും, 2023-ലെ മൃഗങ്ങളിലെ ജനന നിയന്ത്രണം (എബിസി) ചട്ടങ്ങളും ദയാവധം അനുവദിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ഇപ്പോൾ ഹൈകോടതി സർക്കാരിനോട് ഇത് നീട്ടിവയ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേർക്കാണ് നായയുടെ കടിയേറ്റത്. നീലേശ്വരം തീരദേശ മേഖലയിൽ മാത്രം ആറുപേർക്കാണ് കടിയേറ്റത്. എല്ലാവരും ചികിത്സയിലാണ്. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ തെരുവുനായ ശല്യം വർദ്ധിച്ചതോടെയാണ് സംസ്ഥാന സർക്കാർ അടിയന്തിരമായി ദയാവധം നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്.
ഇതിനെയാണ് ഇപ്പോൾ ഹൈകോടതി തടഞ്ഞിരിക്കുന്നത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരമാണ് സംസ്ഥാന സർക്കാർ ദയാവധത്തിന് അനുമതി നൽകിയിരുന്നത്.
അതിനിടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എബിസി (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന സർക്കാർ നിർദ്ദേശവും ഇതുവരെ പ്രാവർത്തികമായിട്ടില്ല.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക!
Article Summary: High Court stops euthanasia of rabid stray dogs in Kerala.
#StrayDogMenace #KeralaHighCourt #LocalBodies #AnimalWelfare #KeralaNews #PublicSafety






