Announcement | പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ മെഗാ അദാലത്ത്; പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍, മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍
● കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ.
● മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ.
● പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും.
● ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍.
തിരുവനന്തപുരം: (KasargodVartha) പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്ത് നടത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തുന്നത്. 2024 ഡിസംബര്‍, 2025 ജനുവരി മാസങ്ങളിലാണ് അദാലത്ത്. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)
വയോജന സംരക്ഷണം
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍
മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്ഷന്, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍
പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം
പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും
റേഷന്‍കാര്‍ഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങള്‍ക്ക്)
കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി
ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
വിവിധ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍
തണ്ണീര്‍ത്തട സംരക്ഷണം
അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍
പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
പരിഗണിക്കാത്ത വിഷയങ്ങള്‍
നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍
ലൈഫ് മിഷന്
ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങള്‍
വായ്പ എഴുതി തള്ളല്‍
പോലീസ് കേസുകള്‍
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍
സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള)
ജീവനക്കാര്യം (സര്‍ക്കാര്‍)
റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും
അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
അദാലത്ത് നടത്തുന്നതിനുള്ള വിശദമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ പല ഘട്ടങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ഏപ്രില്‍-മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ സമാനമായ പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നത്.
പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്
തിരുവനന്തപുരം ആസ്ഥാനമാക്കി KERA (Kerala Climate Resilient Agri-Value Chain Modernization) പദ്ധതിയുടെ സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി. മൂന്ന് റീജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകള്‍ കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ സ്ഥാപിക്കും. കേരള കാര്‍ഷിക സര്‍വകലാശാല, വ്യവസായ വാണിജ്യ വകുപ്പിനു കീഴിലെ വ്യവസായ ഡയറക്ടറേറ്റ്, പ്ലാന്റേഷന് ഡയറക്ടറേറ്റ്, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ്റ് കോര്പ്പറേഷന് (കിന്‍ഫ്ര), കേരള സ്റ്റാര്‍ട്ടപ്പ് മിഷന് എന്നിവിടങ്ങളിലായി നാല് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളും സ്ഥാപിക്കും.
സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ 14 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. മൂന്ന് റീജിയണല്‍ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റുകളില്‍ 15 തസ്തികകളും മൂന്ന് പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളില്‍ 7 തസ്തികകളും
സൃഷ്ടിക്കും. അന്യത്ര സേവന വ്യവസ്ഥയിലാകും നിയമനം.
ടെണ്ടര്‍ അംഗീകരിച്ചു
കൊല്ലം പുനലൂര്‍ നിയോജക മണ്ഡലത്തില്‍ കല്ലറ ആറിന് കുറുകെ കുളത്തൂപുഴ ശ്രീശാസ്താ - അമ്പലക്കടവ് പാലത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.
തിരുവനന്തപുരം വെഞ്ഞാറമൂട് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനുളള ടെണ്ടര്‍ അംഗീകരിച്ചു
തിരുവനന്തപുരം കൈതമുക്ക് - പേട്ട, സെന്റ് സേവിയേഴ്സ് ജംഗ്ഷന് - വലിയതുറ, ഗാന്ധിപാര്‍ക്കിന് ചുറ്റും, കല്പക്കടവ് - ചാക്ക, ഈഞ്ചയ്ക്കല്‍ പുത്തന്‍ റോഡ് ജംഗ്ഷന് - പൊന്നറപാലം റോഡ്, സീവേജ് ഫാം, വിദ്യാഗാര്‍ഡന്‍, എയര്‍പോര്‍ട്ട് - ശ്രീലാന്തിമുക്ക് റോഡ്, ഈഞ്ചയ്ക്കല്‍ - കാഞ്ഞിരവിളാകം, കൈതമുക്ക് ടെമ്പിള്‍ ജംഗ്ഷന് - വെസ്റ്റ് ഫോര്‍ട്ട്, പാസ്പോര്‍ട്ട് ഓഫീസ് - ഇരുമ്പ് പാലം - തേങ്ങാപ്പുര- കവറടി, വള്ളക്കടവ് - ആറാട്ട് ഗെയ്റ്റ് ജനറല്‍ സിവില്‍ വര്‍ക്ക് എന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.
കരട് അംഗീകരിച്ചു
2024ലെ കേരള സ്പോര്‍ട്സ് ഭേദഗതി ബില്ലിന്റെ കരട് അംഗീകരിച്ചു
ധനസഹായം
മലപ്പുറം മേല്‍മുടി മുട്ടിപ്പടിയില്‍ 20/06/2024ന് വാഹനാപകടത്തില്‍ മരണപ്പെട്ട മുഹമ്മദ് അഷറഫ് - സാജിത ദമ്പതികളുടെ മൂന്ന് മക്കള്‍ക്കും കൂടി ആകെ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. മൈനറായ കുട്ടികളെ വനിതാ - ശിശുവികസന വകുപ്പിന്റെ അനുയോജ്യമായ പദ്ധതിയില്‍പ്പെടുത്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കും.
#Kerala #government #adalats #KERA #agriculture #modernization #India