Solidarity | വയനാട് ദുരന്തം: ഇരകൾക്ക് വീട് വാഗ്ദാനവുമായി അനവധി പേർ; സന്നദ്ധത അറിയിച്ചത് സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും കാന്തപുരം അബൂബകർ മുസ്ലിയാരും എൻഎസ്എസും അടക്കമുള്ളവർ
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകളും, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ബിസിനസ് ക്ലബ് 50 വീടുകളും നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്തു.
കൽപറ്റ: (KasargodVartha) വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പുതിയ വീടുകൾ നിർമിക്കാനുള്ള സന്നദ്ധതയുമായി നിരവധി ഏജൻസികളും വ്യക്തികളും മുന്നോട്ടു വന്നിരിക്കുകയാണ്. ദുരന്തത്തിൽ മരണം 360 ആയി ഉയർന്നിട്ടുണ്ട്. ഇപ്പോഴും 206 പേരെ കുറിച്ച് വിവരമില്ല.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇതേ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന് ഒപ്പം നിൽക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് അറിയിച്ചത്. വി ഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകളും, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ബിസിനസ് ക്ലബ് 50 വീടുകളും നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻഎസ്എസ് 150 ഭവനങ്ങൾ നിർമ്മിക്കാനോ അതിന് തുല്യമായ തുക നൽകാനോ തയ്യാറാണെന്നും അറിയിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ 14 വീടുകളും, ഫ്രൂട്ട്സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസർ കമ്പനി 10 ഏക്കർ ഭൂമി കൃഷിയോഗ്യമാക്കി 10-15 കുടുംബങ്ങൾക്ക് നൽകാനും സന്നദ്ധമായി. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും ദുരിതബാധിതർക്ക് വീടുകൾ വെച്ചുനൽകാന്‍ സന്നദ്ധത അറിയിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല 10 വീടുകളും, കൊച്ചിൻ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ഒരു കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
സമാന രീതിയിൽ സാധാരണക്കാർ മുതൽ അനവധി പേർ വീട് നിർമാണത്തിന് സഹായവുമായി രംഗത്ത് വന്നിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നിൽ നിന്ന് കരകയറാൻ സമൂഹം ഒന്നടങ്കം ഒന്നിച്ചു നിൽക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ സന്നദ്ധ പ്രവർത്തനങ്ങൾ ചൂണ്ടികാണിക്കപ്പെടുന്നത്