KSEB | കെഎസ്ഇബി ഓഫീസിലെ ആക്രമണം; ഉപദ്രവിക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന ഉപാധിയമായി ഉദ്യോഗസ്ഥര്‍
കോഴിക്കോട്: (KasargodVartha) തിരുവമ്പാടിയില്‍ (Thiruvambady) കെഎസ്ഇബി (KSEB) ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ വീട്ടിലെ വൈദ്യുതി കണക്ഷന്‍ (Power Supply) വിച്ഛേദിച്ച (Disconnected) സംഭവത്തില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ഉപാധികളുമായി ഉദ്യോഗസ്ഥര്‍. കെഎസ്ഇബി ജീവനക്കാരെയോ ഓഫീസോ മേലില്‍ ആക്രമിക്കില്ലെന്ന ഉറപ്പ് കിട്ടിയാല്‍ ഞായറാഴ്ച (07.07.2024) തന്നെ അജ്മലിന്റെ വീട്ടില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കും. ഉറപ്പ് ലഭ്യമാക്കാനായി ഉദ്യോഗസ്ഥനെ അയയ്ക്കാന്‍ കോഴിക്കോട് കലക്ടറോട് ആവശ്യപ്പെട്ടതായി കെഎസ്ഇബി ഫേസ്ബുക് (Facebook) കുറിപ്പില്‍ അറിയിച്ചു.
അജ്മലിന്റെ പിതാവ് റസാഖിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുണ്ടെന്നും അതില്‍ പത്തെണ്ണം കൊമേഷ്യല്‍ കണക്ഷനാണെന്നും കെഎസ്ഇബി അറിയിച്ചു. ഇവര്‍ സ്ഥിരമായി ബില്‍ അടക്കാറില്ലെന്നും വൈദ്യുതി ബില്‍ അടക്കാത്തതിനെത്തുടര്‍ന്ന് വിച്ഛേദിക്കാന്‍ എത്തുമ്പോള്‍ വാക്കുതര്‍ക്കവുംം ഭീഷണിയും പതിവാണെന്നും ആക്രമണത്തില്‍ കെഎസ്ഇബിക്കുണ്ടായ നാശനഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുമെന്നും
കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
കെഎസ്ഇബിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
തിരുവമ്പാടി സെക്ഷന്‍ ഓഫീസ് ആക്രമണം സംബന്ധിച്ച കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ പ്രസ്താവന
കെ എസ് ഇ ബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ പ്രസ്തുത ഭവനത്തിലെ വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഒരു ഉറപ്പ് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാന്‍ കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമിച്ചയാളുടെ പിതാവിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതില്‍ പത്തെണ്ണം കൊമേഷ്യല്‍ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതര്‍ക്കവും ഭീഷണിയും പതിവാണ്.
ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരില്‍ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ കണക്ഷന്‍ ഇന്നുതന്നെ നല്‍കാന്‍ കെ എസ് ഇ ബി തയ്യാറാണ്.- എന്നാണ് കുറിപ്പ്.
എന്നാല്‍, വൈദ്യുതി പുനഃസ്ഥാപിക്കാന്‍ എത്തുന്നവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നാണ് അജ്മലിന്റെ മാതാവ് മറിയം നേരത്തെ പ്രതികരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ല, ഇനി ആക്രമിക്കുകയുമില്ല. പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ സ്വാഗതാര്‍ഹമാണെന്നും മറിയം പറഞ്ഞിരുന്നു.
വീട്ടില്‍ ഫ്യൂസ് ഊരാന്‍ എത്തിയപ്പോള്‍ കെഎസ്ഇബി ജീവനക്കാര്‍ മര്‍ദിച്ചതായാണ് മറിയത്തിന്റെ പരാതി. ശനിയാഴ്ച (07.07.2024) കെഎസ്ഇബി സെഷന്‍ ഓഫീസിനുമുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അജ്മലിന്റെ പിതാവ് റസാഖിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതിനിടെ കെഎസ്ഇബി ജീവനക്കാരെ മര്‍ദിച്ചിട്ടില്ലെന്നും അവരാണ് മര്‍ദിച്ചതെന്നും കേസില്‍ അറസ്റ്റിലായ അജ്മല്‍ പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു. കെഎസ്ഇബി ജീവനക്കാരുടെ ദേഹത്ത് പഴയ കറി എടുത്ത് ഒഴിച്ചതല്ലാതെ ആരെയും ആക്രമിച്ചിട്ടില്ലെന്നാണ് കേസില്‍ റിമാന്‍ഡിലായ അജ്മലിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
അതേസമയം, ഓഫീസ് ആക്രമിക്കപ്പട്ടതിന് പ്രതികാരമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനും കേസെടുത്തു. പൊലീസ് കേസെടുത്തുവെന്ന ഒറ്റകാരണത്തില്‍ കേസെടുത്തയാളിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡിന് എന്നല്ല സര്‍കാരിനുപോലും അധികാരമില്ലെന്ന് നിമയവിദഗ്ധര്‍ പറയുന്നു. തിരുവമ്പാടിയില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് ആക്രമിച്ചെന്ന കേസിലെ പ്രതികളുടെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ തന്നെ ഉത്തരവിട്ടത് നിയമപരമായി നില്‍നിലനില്‍ക്കില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പെട്ടിരുന്ന സര്‍കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നത് ഒരുതരത്തിലും ന്യായീകരിക്കാനുമാകില്ല. അത്തരക്കാര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയും വേണം.
അതിനിടെ, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെഎസ്ഇബിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണുള്ളത്. ശനിയാഴ്ച വൈകിട്ട് തിരുവമ്പാടി കെഎസ്ഇബി സെഷന്‍ ഓഫീസിലേക്ക് മാര്‍ച് നടത്താനാണ് യൂത് കോണ്‍ഗ്രസിന്റെ തീരുമാനം.